റിയാദ്: സഊദി അറേബ്യ 2060-ഓടെ സീറോ-നെറ്റ് എമിഷനിലെത്തുകയാണ് ലക്ഷ്യമിടുന്നതെന്ന് സഊദി ഗ്രീൻ ഇനിഷ്യേറ്റീവിന്റെ (എസ്ജിഐ) ഹയർ കമ്മിറ്റി തലവനായ കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ. ശനിയാഴ്ച റിയാദിൽ നടന്ന പരിസ്ഥിതി സമ്മേളനത്തിലാണ് കിരീടവകാശിയുടെ പ്രതിജ്ഞ. സഊദി ഗ്രീൻ ഇനിഷ്യേറ്റീവിന്റെ ഭാഗമായി പ്രതിവർഷം 270 ദശലക്ഷം ടൺ കാർബൺ ഉദ്വമനം വെട്ടിക്കുറയ്ക്കാനുള്ള പദ്ധതികൾ കിരീടാവകാശി പ്രഖ്യാപിച്ചു. കാർബൺ ബഹിർഗമനം കുറച്ച് ഊർജ്ജ പരിവർത്തന പദ്ധതികളും മറ്റുമായി ലോകം തന്നെ ഉറ്റു നോക്കുന്ന വിവിധ സംരംഭങ്ങളാണു ഗ്രീൻ സഊദി പദ്ധതി വഴി നടപ്പാക്കുന്നത്. അതിൽ 700 ബില്യൺ റിയാലിലധികം (186.63 ബില്യൺ ഡോളർ) നിക്ഷേപം കാണുമെന്ന് അദ്ദേഹം പറഞ്ഞു. ഗ്രീൻ എക്കോണമി ഡെവലപ്മെന്റ്, മികച്ച തൊഴിലവസരങ്ങൾ, മികച്ച നിക്ഷേപാവസരങ്ങൾ എന്നിവയെല്ലാം പദ്ധതി വഴി സാധ്യമാകും.

2030-ഓടെ 278 Mtpa (പ്രതിവർഷ മില്ല്യൺ ടൺസ്) കാർബൺ പുറന്തള്ളൽ കുറയ്ക്കാൻ ലക്ഷ്യമിടുന്ന എസ്ജിഐ പ്രോഗ്രാമുകൾക്ക് കീഴിലുള്ള ലക്ഷ്യങ്ങൾക്കായി വിവിധ സംരംഭങ്ങൾ ഉണ്ടാകും. 2021-ന്റെ തുടക്കത്തിൽ സഊദി ഗ്രീൻ ഇനിഷ്യേറ്റീവ് (എസ്ജിഐ) ഉച്ചകോടിയുടെ പ്രഖ്യാപനത്തിൽ നിശ്ചയിച്ചിട്ടുള്ള ഉദ്വമനം കുറയ്ക്കൽ ലക്ഷ്യം ഇരട്ടിയാക്കുന്നതിലും കൂടുതലാണിത്.
വൃത്തിയുള്ളതും ഹരിതവുമായ ഒരു ഭാവി പ്രദാനം ചെയ്യുന്നതിനുള്ള പ്രതിജ്ഞാബദ്ധതയുടെ ഭാഗമായി 2030-ഓടെ ആഗോള മീഥേൻ ഉദ്വമനം 30 ശതമാനം കുറയ്ക്കുന്നതിന് സംഭാവന നൽകുന്നതിനായി ആഗോള മീഥേൻ പ്രതിജ്ഞയിൽ സഊദി അറേബ്യ ചേരും.

കൂടാതെ, രാജ്യത്തിന്റെ മൊത്തം ഭൂവിസ്തൃതിയുടെ 30 ശതമാനത്തിലധികം സംരക്ഷിക്കുകയെന്ന ലക്ഷ്യത്തിന്റെ ആദ്യ 20 ശതമാനം കൈവരിക്കുന്നതിനായി, വരും വർഷങ്ങളിൽ ഭൂപ്രദേശത്തെ സംരക്ഷിക്കാൻ നിയുക്തമാക്കിയിട്ടുണ്ടെന്ന് കിരീടാവകാശി പ്രസ്താവിച്ചു. 10 ശതമാനം പിന്നീടുള്ള ഘട്ടത്തിൽ പ്രഖ്യാപിക്കും. ലോകത്തിലെ ഏറ്റവും സുസ്ഥിരവും വനവൽക്കരണവുമുള്ള നഗരങ്ങളിലൊന്നായി റിയാദിനെ മാറ്റും. 450 മില്യൻ മരങ്ങൾ നട്ടുപിടിപ്പിച്ചുകൊണ്ട് രാജ്യത്ത് വനവൽക്കരണ സംരംഭത്തിനു തുടക്കം കുറിക്കും.
ആഗോള ഊർജ്ജ വിപണികളുടെ സുരക്ഷിതത്വവും സുസ്ഥിരതയും വർദ്ധിപ്പിക്കുന്നതിൽ രാജ്യത്തിന്റെ പ്രധാന പങ്ക് സംരക്ഷിക്കുന്ന വിധത്തിൽ നെറ്റ് സീറോ കാർബൺ എമിഷനുകളിലേക്കുള്ള മാറ്റം പ്രത്യേകിച്ച് എമിഷൻ നിയന്ത്രിക്കുന്നതിനും കുറയ്ക്കുന്നതിനും ആവശ്യമായ സാങ്കേതികവിദ്യകളുടെ പക്വതയും ലഭ്യതയും കണക്കിലെടുത്ത് നടത്തുമെന്നും ശനിയാഴ്ച പുറത്തിറക്കിയ പ്രസ്താവന വെളിപ്പെടുത്തി.
ഭൗമ, സമുദ്ര, തീരദേശ പരിതസ്ഥിതികളുടെ സംരക്ഷണം കൂടുതൽ വിപുലീകരിക്കാൻ സഊദി അറേബ്യ ആഗോള മഹാസമുദ്ര സഖ്യത്തിൽ ചേരുമെന്ന് കിരീടാവകാശി പ്രഖ്യാപിച്ചു. സമുദ്ര പര്യവേക്ഷണ ഫൗണ്ടേഷൻ സ്ഥാപിക്കുകയും ടൂറിസം സുസ്ഥിരതയുടെ ആഗോള കേന്ദ്രം ഉൾപ്പെടെ നിരവധി സംരംഭങ്ങൾ പ്രഖ്യാപിക്കുകയും ചെയ്തു.




