രാഹുൽ മാധ്യമങ്ങളെ കാണില്ല, വാർത്താസമ്മേളനം അവസാനനിമിഷം റദ്ദാക്കി

0
183

അടൂർ: തനിക്കെതിരായി ഉയർന്ന പരാതികളിൽ വിശദീകരണം നൽകാൻ വിളിച്ച വാർത്താസമ്മേളനത്തിൽനിന്നു പിന്മാറി രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. ശനിയാഴ്ച വൈകിട്ട് നാലരയ്ക്കു ശേഷം മാധ്യമങ്ങളെ കാണാമെന്ന് രാഹുൽ അറിയിച്ചിരുന്നെങ്കിലും വാർത്താസമ്മേളനം അവസാനനിമിഷം റദ്ദാക്കുകയായിരുന്നു.

രാഹുൽ അറിയിച്ചതു പ്രകാരം മാധ്യമപ്രവർത്തകർ അടൂരിലെ ഇദ്ദേഹത്തിന്റെ വസതിയിൽ എത്തിയെങ്കിലും നാലരയോടെ പ്രാദേശിക നേതാക്കളാണ് രാഹുൽ മാധ്യമങ്ങളെ കാണുന്നില്ല എന്നറിയിച്ചത്. വാർത്താ സമ്മേളനം നടത്തേണ്ടെന്ന് മുതിർന്ന നേതാക്കൾ നിർദേശം നൽകിയെന്നാണ് വിവരം. കൂടുതൽപ്പേർ പരാതിയുമായി രംഗത്തെത്തിയതോടെ എംഎൽഎ സ്ഥാനവും രാജിവയ്ക്കണമെന്ന സമ്മർദം ശക്തമായ സാഹചര്യത്തിലാണ് രാഹുൽ വാർത്താ സമ്മേളനം നടത്തുമെന്ന് അറിയിച്ചിരുന്നത്.

രാജി ആലോചനയിൽപോലും ഇല്ലെന്നും രാഹുൽ മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു. പാർട്ടിയിൽ രാജി ആവശ്യം ശക്തമാകുന്നതിനിടെയാണു പ്രതികരണം.