ഗ്യാസ് സ്റ്റേഷനിലെ സ്‌ഫോടനം ഒഴിവാക്കാന്‍ ധീരപ്രവര്‍ത്തനം നടത്തിയ സ്വദേശി പൗരനെ ആദരിച്ച് സല്‍മാന്‍ രാജാവ്; യുവാവിന് ലഭിച്ചത് ഒരു ദശലക്ഷം റിയാൽ

0
141

റിയാദ്:  തലസ്ഥാന നഗരിയായ റിയാദ് പ്രവിശ്യയിലെ ദവാദ്മിയിൽ തീപിടിച്ച ട്രക്ക് പെട്രോൾ പമ്പിന് പുറത്തേക്ക് ഓടിച്ചുപോയ സഊദി പൗരനെ ആദരിച്ച് സൽമാൻ രാജാവ്. യുവാവിന്റെ സമയോചിത ഇടപെടൽ മൂലം വൻ സ്ഫോടനമാണ് ഒഴിവായത്. പെട്രോൾ സംഭവിച്ച അപകടത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൻതോതിൽ പ്രചരിച്ചിരുന്നു.

അൽ സാലിഹിയ ഗ്രാമത്തിൽ നിന്നുള്ള 40കാരനായ മഹർ ഫഹദ് അൽ ദൽബാഹിക്ക് കിംഗ് അബ്ദുൽ അസീസ് മെഡലും ഒരു ദശലക്ഷം റിയാലുമാണ് സൽമാൻ രാജാവ് സമ്മാനിച്ചത്. അൽ ദൽബാഹിയുടെ അസാധാരണമായ ധീരതയെ പ്രശംസിച്ച കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ യുവാവിനെ ആദരിക്കണമെന്ന് ശുപാർശ ചെയ്തിരുന്നു.

ട്രക്കിന് തീ പിടിക്കുന്നത് കണ്ട് പരിഭ്രാന്തരായ ആളുകൾക്കിടയിൽ നിന്ന് മഹർ ഫഹദ് ദൽബാഹി എന്ന യുവാവ് ട്രക്കിലേക്ക് ചാടിക്കയറി. പെട്രോൾ പമ്പിന്റെയും ഇന്ധനം നിറച്ച ടാങ്കറുകളുടെയും അടുത്ത് നിന്ന് മഹർ കത്തിക്കൊണ്ടിരുന്ന ട്രക്ക് ഓടിച്ച് പോകുന്നത് വീഡിയോകളിൽ കാണാം. നിരവധി സോഷ്യൽ മീഡിയാ ഉപയോക്താക്കളാണ് മഹറിന്റെ ധൈര്യത്തെ പ്രശംസിച്ച് രംഗത്ത് വന്നത്. അദ്ദേഹത്തിന്റെ വീരകൃത്യത്തിന് രാജ്യം അംഗീകാരം നൽകി ആദരിക്കണമെന്ന് ചിലർ ആവശ്യപ്പെട്ടിരുന്നു.

‘എന്റെ ഗ്രാമമായ അൽ സാലിഹിയയിലേക്ക് പോകുകയായിരുന്നു ഞാൻ, അടുത്തുള്ള കടയോട് ചേർന്ന് വണ്ടി നിർത്തിയപ്പോൾ, കത്തിക്കൊണ്ടിരിക്കുന്ന ട്രാക്കാണ് ഞാൻ കാണുന്നത്’ സംഭവം ഓർത്തെടുത്ത് മഹർ പറഞ്ഞു.

‘പെട്രോൾ പമ്പും അവിടെ ഉണ്ടായിരുന്ന ആളുകളെയും രക്ഷിക്കുക എന്നത് മാത്രമായിരുന്നു എന്റെ മനസ്സിൽ, ഞാൻ ട്രക്കോടിച്ച് ദൂരേക്ക് പോയി’ മഹർ പറഞ്ഞു.

പെട്രോൾ പമ്പും ഇന്ധനം നിറച്ച ലോറികളും അവിടെ ഉണ്ടായിരുന്ന ആളുകളും സുരക്ഷിതമായെങ്കിലും മഹറിന്റെ മുഖത്തും തലയിലും കൈകാലുകളിലും പൊള്ളലേറ്റിരുന്നു. രാജകീയ അംഗീകാരം തന്റെ ഗ്രാമത്തിന് തന്നെ ലഭിച്ച വലിയ ബഹുമതിയാണെന്ന് മഹറിന്റെ കുടുംബം പറഞ്ഞു.