പാലക്കാട്: ഉദ്ഘാടന ചടങ്ങിൽ നിന്ന് രാഹുൽ മാങ്കൂട്ടത്തിലിനെ വിലക്കി പാലക്കാട് നഗരസഭ. ഇന്ന് നടക്കുന്ന മുൻസിപ്പൽ ബസ് സ്റ്റാൻഡ് ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കരുതെന്നാവശ്യപ്പെട്ട് രാഹുൽ മാങ്കൂട്ടത്തിലിന് പാലക്കാട് നഗരസഭ കത്തയച്ചു.
ഉദ്ഘാടന ചടങ്ങിൽ രാഹുൽ പങ്കെടുത്താൽ പ്രതിഷേധം ഉണ്ടാവാൻ സാധ്യതയുണ്ടെന്നും ഇത് പരിപാടിയുടെ ശോഭ കെടുത്തുമെന്നും എംഎൽഎയ്ക്ക് നൽകിയ കത്തിൽ പാലക്കാട് നഗരസഭ വ്യക്തമാക്കി. പാലക്കാട് നഗരസഭ വൈസ് ചെയർമാൻ അഡ്വ. ഇ കൃഷ്ണദാസാണ് കത്ത് കൈമാറിയത്.
രാഹുൽ മാങ്കൂട്ടത്തിലിന് നഗരസഭ നൽകിയ കത്തിൽ പറയുന്നത്
‘2025 ആഗസ്റ്റ് 22-ന് വൈകുന്നേരം 4 മണിക്ക് പാലക്കാട് മുനിസിപ്പൽ ബസ് സ്റ്റാന്റ് ഉദ്ഘാടന ചടങ്ങിലേക്ക് താങ്കളെ വിശിഷ്ഠാതിഥിയായി ക്ഷണിച്ചിരുന്നുവല്ലോ. എന്നാൽ കഴിഞ്ഞ ദിവസങ്ങളിൽ താങ്കൾക്കെതിരെ ഉയർന്നുവന്നിട്ടുള്ള ഗുരുതരമായ ആരോപണങ്ങൾ കണക്കിലെടുത്തും, പാലക്കാട് നഗരസഭ സംഘടിപ്പിക്കുന്ന ബസ് സ്റ്റാൻ്റ് ഉദ്ഘാടന ചടങ്ങിലേക്ക് ചില സംഘടനകൾ താങ്കൾക്കെതിരെ സമരപരിപാടിയുമായി വരുവാൻ സാധ്യതയുണ്ടെന്ന് മനസ്സിലായതിനാലും, പരിപാടിയുടെ ശോഭകെടുമെന്ന് ശങ്കയുള്ളതിനാലും ചടങ്ങിൽ അനിഷ്ഠസംഭവങ്ങൾ ഒഴിവാക്കുന്നതിന് മേൽപറഞ്ഞ പരിപാടിയിൽ നിന്ന് താങ്കൾ വിട്ട് നിൽക്കണമെന്ന് അഭ്യർത്ഥിക്കുന്നു’





