‘രാഹുലിനെതിരെ ആരോപണം മാത്രം’; എംഎൽഎ സ്ഥാനം രാജിവയ്ക്കില്ല: മുകേഷിനും കടകംപള്ളിക്കും സിപിഎം നൽകിയ പിന്തുണ ആയുധം

0
199

തിരുവനന്തപുരം: എംഎൽഎ സ്ഥാനം കൂടി രാജിവയ്ക്കാൻ എൽഡിഎഫിൽനിന്നും ബിജെപിയിൽനിന്നും രാഷ്ട്രീയ സമ്മർദമുണ്ടെങ്കിലും കോൺഗ്രസിലും മറ്റു പാർട്ടികളിലും അങ്ങനെയൊരു കീഴ്‌വഴക്കമില്ലെന്നു കണ്ടാണു രാഹുൽ മാങ്കൂട്ടത്തിലിന്റെ എംഎൽഎ സ്ഥാനം നിലനിർത്താൻ പാർട്ടി തീരുമാനിച്ചത്.

ഇപ്പോൾ നിയമസഭയിലുള്ള എൽദോസ് കുന്നപ്പള്ളി, എം.വിൻസന്റ് എന്നിവരുടെ കാര്യത്തിലെടുത്ത സമീപനം തന്നെ രാഹുലിനോടും സ്വീകരിച്ചാൽ മതിയെന്നു ധാരണയായി. ഇവർക്കു രണ്ടുപേർക്കുമെതിരെ കേസും കുറ്റപത്രവുമുണ്ടെങ്കിൽ രാഹുലിനെതിരെയുള്ളത് ആരോപണം മാത്രമാണെന്നതും കണക്കിലെടുത്തു. എംഎൽഎ സ്ഥാനം ഒഴിയണമെന്ന അഭിപ്രായം ഇന്നലെ രാഹുൽ വിഷയം നേതൃത്വവുമായി ചർച്ച ചെയ്ത നേതാക്കളാരും ഉന്നയിച്ചില്ല.

നിരീക്ഷിക്കാൻ മുതിർന്ന നിര
എം.വിൻസന്റിനെതിരെയുള്ള ലൈംഗികാതിക്രമക്കേസിൽ അദ്ദേഹം ജയിലിൽ കിടന്നിരുന്നു. കുറ്റപത്രം നൽകിയ കേസ് വിചാരണയിലേക്കു കടക്കാനിരിക്കുകയാണ്. ലൈംഗികാതിക്രമം, തട്ടിക്കൊണ്ടുപോകൽ, കൊലപാതകശ്രമം എന്നിവയ്ക്കുള്ള കേസിൽ എൽദോസ് മുൻകൂർ ജാമ്യത്തിലാണ്. കോടതിയിൽ കുറ്റപത്രവും സമർപ്പിച്ചു. രണ്ടുപേരെയും അൽപകാലം പാർട്ടി പരിപാടികളിൽനിന്നു മാറ്റി നിർത്തിയെന്നതല്ലാതെ മറ്റു നടപടികളൊന്നുമുണ്ടായിട്ടില്ല. എംഎൽഎ സ്ഥാനം ഒഴിയാൻ പാർട്ടി നിർദേശിച്ചുമില്ല.