റിയാദ്: സ്കൂളുകളിൽ നിന്നും പൊതു, സ്വകാര്യ സ്ഥാപനങ്ങളിൽ നിന്നും വൈദ്യുതി കേബിളുകൾ മോഷ്ടിച്ച് പ്രവാസികൾ അറസ്റ്റിൽ. നഗരത്തിലെ സ്കൂളുകളിൽ നിന്നും പൊതു, സ്വകാര്യ സ്ഥാപനങ്ങളിൽ നിന്നും വൈദ്യുതി കേബിളുകൾ മോഷ്ടിച്ച് അനധികൃത വെയർഹൗസുകളിലും യാർഡുകളിലും സൂക്ഷിച്ച് ചില്ലറ വിൽപ്പന ശാലകൾ വഴി വിൽപ്പന നടത്തുകയായിരുന്നു സംഘം ചെയ്തു വന്നിരുന്നത്.
ഈ സംഘത്തെയാണ് റിയാദിലെ സുരക്ഷാ അധികൃതർ അറസ്റ്റ് ചെയ്തത്. ഒരു കൂട്ടം പ്രവാസികൾ എന്നാണ് അധികൃതർ പുറത്ത് വിട്ട അറിയിപ്പിൽ വ്യക്തമാക്കുന്നത്. അറസ്റ്റ ചെയത് അവർക്കെതിരെ നിയമ നടപടികൾ സ്വീകരിച്ച് അവരെ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി സുരക്ഷ സേന അറിയിച്ചു.
കേബിൾ മോഷണം പോയതിനാൽ വൈദ്യുത ബന്ധം തകരാറിൽ ആയതോടെ റിയാദിൽ 51 സ്കൂളുകളുടെ പഠനം ഓൺലൈനിലേക്ക് മാറ്റിയിരുന്നു. റിയാദ് വിദ്യാഭ്യാസ വകുപ്പാണ് 51 സ്കൂളുകളിൽ താൽക്കാലികമായി ഓൺലൈൻ പഠനത്തിലേക്ക് മാറാൻ സുപ്രധാന തീരുമാനം കൈകൊണ്ടത്. വൈദ്യുതി തടസ്സത്തിന് കാരണമായ വൈദ്യുത കേബിളുകൾ മോഷ്ടിക്കപ്പെട്ടതിനെ തുടർന്നായിരുന്നു ഈ തീരുമാനം.
വിദ്യാർത്ഥികളുടെ സുരക്ഷയും വിദ്യാഭ്യാസ പ്രക്രിയയുടെ തുടർച്ചയും ഉറപ്പാക്കുന്നതിനാണ് ഈ തീരുമാനം. അറ്റകുറ്റപ്പണികൾ പൂർത്തിയാകുന്നതുവരെയും തകരാറുകൾ പരിഹരിക്കുന്നതുവരെയുമാണ് താത്കാലികമായി ഓൺലൈനിൽ ക്ലാസ്സുകൾ നൽകുന്നത്.





