കരിപ്പൂർ: വിമാനാപകടത്തിനു പിന്നാലെ 5 വർഷം മുൻപ് കരിപ്പൂർ വിട്ട സൗദി എയർലൈൻസ് വൈകാതെ തിരിച്ചെത്തുമെന്ന പ്രതീക്ഷയിലാണു കോഴിക്കോട് വിമാനത്താവളവും ഹജ് തീർഥാടകരും. ഒക്ടോബർ 27 മുതൽ റിയാദ് –കോഴിക്കോട് സെക്ടറിൽ സർവീസ് ആരംഭിക്കുമെന്നാണ് അനൗദ്യോഗിക അറിയിപ്പ്. സൗദി എയർലൈൻസ് തിരിച്ചെത്തിയാൽ ഹജ് സർവീസിന് ഇത്തവണ ടെൻഡറിൽ പങ്കെടുക്കുമെന്നാണു പ്രതീക്ഷ.
കഴിഞ്ഞ രണ്ടു തവണയും കോഴിക്കോട് വിമാനത്താവളത്തിൽനിന്നു ഹജ് സർവീസിന് ടെൻഡറിൽ പങ്കെടുത്തത് എയർ ഇന്ത്യ എക്സ്പ്രസ് മാത്രമാണ്. രണ്ടു തവണയും കേരളത്തിലെ മറ്റു വിമാനത്താവളങ്ങളെക്കാൾ 40,000 രൂപ അധികമായിരുന്നു കരിപ്പൂരിൽനിന്നുള്ള ഹജ് യാത്രാ നിരക്ക്.
കരിപ്പൂരിൽ വലിയ വിമാനങ്ങൾക്ക് അനുമതിയില്ലാത്തതാണു പ്രശ്നം. മാത്രമല്ല, കരാർ പ്രകാരം സൗദിയുടെയും ഇന്ത്യയുടെയും വിമാനക്കമ്പനികൾക്കാണു ഹജ് ടെൻഡറിൽ പങ്കെടുക്കാനാകുക. മറ്റു പല രാജ്യങ്ങളിലെ ചെറുവിമാനങ്ങൾ കരിപ്പൂരിൽ സർവീസ് നടത്തുന്നുണ്ടെങ്കിലും അവർക്കൊന്നും ഹജ് ടെൻഡറിൽ പങ്കെടുക്കാനാകില്ല. സൗദി എയർലൈൻസ് തിരിച്ചെത്തുന്നത് ഹജ് തീർഥാടകർക്ക് വലിയ ആശ്വാസമാകും.
നേരത്തേ വലിയ വിമാനങ്ങളുമായി സർവീസ് നടത്തിയിരുന്ന സൗദി എയർലൈൻസ്, 2020 ഓഗസ്റ്റ് ഏഴിനുണ്ടായ വിമാനാപകടത്തെത്തുടർന്ന് വലിയ വിമാനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയതോടെയാണു കരിപ്പൂരിലെ സർവീസ് അവസാനിപ്പിച്ചത്. ശരാശരി 200 പേർക്ക് സഞ്ചരിക്കാവുന്ന എയർ ബസ് 321 വിമാനമാണ് സൗദി എയർലൈൻസ് സർവീസിന് ഉപയോഗിക്കുകയെന്നാണു വിവരം.
കരിപ്പൂർ വഴിയുള്ള ഹജ് യാത്രാ നിരക്കിലെ വർധനമൂലം ഇത്തവണ പൂർണമായും തീർഥാടകർ കരിപ്പൂരിനെ കൈവിട്ട സ്ഥിതിയാണ്. ഇത്തവണ അവസരം ലഭിച്ചവരിൽ 636 പേർ മാത്രമാണ് കോഴിക്കോട് വിമാനത്താവളം തിരഞ്ഞെടുത്തിട്ടുള്ളത്. കൂടുതൽ വിമാനക്കമ്പനികൾ ടെൻഡറിൽ പങ്കെടുക്കുന്ന സാഹചര്യമുണ്ടായാൽ നിരക്കു കുറയുമെന്നാണു പ്രതീക്ഷ.





