അഹമ്മദാബാദ് വിമാനദുരന്തം ; അമ്മയെ നഷ്ടപ്പെട്ട മകന്‍ ബോയിങ്ങിനെതിരെ യു.എസ് കോടതിയില്‍

0
192

അഹമ്മദാബാദ് വിമാനദുരന്തത്തില്‍ അമ്മയെ നഷ്ടപ്പെട്ട യുവാവ് ബോയിങ് കമ്പനിക്കെതിരെ യു.എസ് ഫെഡറല്‍ കോടതിയില്‍ കേസ് ഫയല്‍ ചെയ്തു. ഹിര്‍ പ്രജാപതി എന്ന യുവാവാണ് അമ്മ കല്‍പന ബെന്‍ പ്രജാപതിയുടെ മരണത്തെത്തുടര്‍ന്ന് കേസ് ഫയല്‍ ചെയ്തതത്. ഇന്ത്യയില്‍ വിചാരണ വര്‍ഷങ്ങളോളം നീണ്ടുപോകാറുണ്ടെന്നും കേസ് വേഗത്തില്‍ തീര്‍പ്പാകാനാണ് യു.എസില്‍ പരാതി നല്‍കിയതെന്നും ഹിര്‍ പ്രജാപതി പറഞ്ഞു.

കേസ് നടത്താനായി മൈക്ക് ആൻഡ്രൂസ് എന്ന അഭിഭാഷകനെ ചുമതലപ്പെടുത്തിയതായും ഹിർ പ്രജാപതി അറിയിച്ചു. കൂടാതെ അപകടം നടന്നപ്പോള്‍ സഹായിച്ച  കേന്ദ്ര സർക്കാരിനും പോലീസിനും ഡോക്ടർമാർക്കും അദ്ദേഹം നന്ദി അറിയിച്ചു. 

രണ്ടു തവണ മാറ്റിവെച്ച ശേഷമാണ് അമ്മ കൽപ്പന ബെൻ പ്രജാപതിക്ക് ജൂണ്‍ 12 ന് ടിക്കറ്റെടുത്തത്.ആദ്യം ജൂൺ 9-നാണ് ഞാൻ അമ്മക്ക് ടിക്കറ്റ് ബുക്ക് ചെയ്തിരുന്നത്. എന്നാൽ ഉപവാസമായതുകൊണ്ട് ആ ദിവസം യാത്ര ചെയ്യാൻ കഴിയില്ലെന്ന് അമ്മ പറഞ്ഞു.തുടർന്ന് ജൂൺ 11-ലേക്ക് മാറ്റി. പക്ഷേ ഒറ്റ അക്കമുള്ള തീയതിയിൽ യാത്ര ചെയ്യാൻ അമ്മക്ക് താൽപര്യമില്ലായിരുന്നു. അങ്ങനെയാണ് ഒടുവിൽ ജൂൺ 12-ലേക്ക് ടിക്കറ്റ് ബുക്ക് ചെയ്തത്,” പ്രജാപതി പറഞ്ഞു.

ജൂൺ 12-ന് അഹമ്മദാബാദിലെ സർദാർ വല്ലഭായ് പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്ന എയർ ഇന്ത്യ AI-171, ബോയിംഗ് 787-8 വിമാനം തകർന്നു വീഴുകയായിരുന്നു.229 യാത്രക്കാരും 12 ജീവനക്കാരും ഉൾപ്പെടെ 260 പേരും വിമാനത്താവളത്തിന് സമീപം ഉണ്ടായിരുന്ന 19 പേരും ഈ അപകടത്തിൽ മരിച്ചു.