ഇന്ത്യൻ വിദ്യാർഥിനി കാനഡയിൽ കൊല്ലപ്പെട്ട സംഭവം: പ്രതികളിൽ ഒരാൾ അറസ്റ്റിൽ

0
209

ഓട്ടവ: കാനഡയിൽ ഇന്ത്യൻ വിദ്യാർഥിനി ഹർസിമ്രത് രൺധാവ (21) കൊല്ലപ്പെട്ട സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. 32കാരനായ ജെർഡൈൻ ഫോസ്റ്റർ ആണ് പിടിയിലായത്. ചൊവ്വാഴ്ച ഒന്റാറിയോയിലെ നയാഗ്ര വെള്ളച്ചാട്ടത്തിന് സമീപമാണ് ഇയാളെ പിടികൂടിയത്. ഇയാൾക്കെതിരെ കൊലപാതകത്തിന് കേസെടുത്തതായി പൊലീസ് അറിയിച്ചു.

ഏപ്രിൽ 17 നാണ് കേസിനാസ്പദമായ സംഭവം. സംഭവ ദിവസം വൈകിട്ട് പ്രാദേശിക സമയം 7.30ന് ബസ് സ്റ്റോപ്പിൽ ബസ് കാത്തു നിൽക്കുമ്പോഴാണ് ഹർസിമ്രത്തിനു വെടിയേറ്റത്.  മൊഹാക് കോളജിൽ ഫിസിയോ തെറപ്പി അസിസ്റ്റന്റ് പ്രോഗ്രാമിലെ തെറപ്പി അസിസ്റ്റന്റായിരുന്നു പഞ്ചാബ് സ്വദേശിനി ഹർസിമ്രത്. നാല് വാഹനങ്ങളിലായെത്തിയ ഏഴോളം പേ‍ർ നടത്തിയ സംഘട്ടനത്തിനിടെയാണ് യുവതിക്ക് വെടിയേറ്റത്.

ഹാമിൽടണിലെ അപ്പർ ജയിംസ് സ്ട്രീറ്റിനും സൗത്ത് ബെൻഡ് റോ‍ഡിനും സമീപത്തായിരുന്നു വെടിവയ്പ്. കറുത്ത മെഴ്സിഡീസ് എസ്‍യുവിയിലെത്തിയവർ സ്ഥലത്തുണ്ടായിരുന്ന  വെളുത്ത സെഡാൻ കാറിലെ യാത്രികർക്കു നേരേ നിറയൊഴിക്കുകയായിരുന്നു. തിരിച്ചും വെടിവയ്പ്പ് നടത്തിയെന്നാണ് വിവരം.

അതിനിടെയാണ് ഒരു വെടിയുണ്ട ഹർസിമ്രത്തിന്റെ ജീവനെടുത്തത്. വെടിവയ്പ്പിന് ശേഷം രണ്ട് വാഹനങ്ങളിലെയും ആളുകൾ ഉടൻ സ്ഥലം വിടുകയും ചെയ്തു. പൊലീസ് എത്തിയപ്പോൾ, നെഞ്ചിൽ വെടിയേറ്റ നിലയിലാണ് ഹർസിമ്രത്തിനെ കണ്ടെത്തിയത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കേസിൽ അന്വേഷണം തുടരുകയാണ്. നിരപരാധിയായ ഹർസിമ്രത്തിന്റെ  മരണത്തിന് കാരണക്കാരായ മുഴുവൻ പേരെയും കണ്ടെത്തി ഉടൻ അറസ്റ്റ് ചെയ്യാനുള്ള ശ്രമത്തിലാണെന്ന് ആക്ടിങ് ഡിറ്റക്ടീവ്-സർജന്റ് ഡാരിൽ റീഡ് പറഞ്ഞു.