ദമാം: വ്യാവസായിക നഗരിയായ കിഴക്കൻ സഊദിയിലെ പ്രധാന നഗരികളായ ദമാം-ജുബൈൽ-റാസ് അൽഖൈർ എന്നിവയെ ബന്ധിപ്പിച്ചോടുന്ന ട്രെയിൻ സർവീസ് അടുത്ത വർഷം സർവ്വീസ് തുടങ്ങുമെന്ന് ഗതാഗത മന്ത്രി സാലിഹ് അൽ-ജാസർ പറഞ്ഞു. ഈ റൂട്ടിൽ റയിൽ നിർമ്മാണം ത്വരിതഗതിയിൽ നടന്നു വരികയാണെന്നും അടുത്ത വർഷം പകുതിയോടെ ഇത് പ്രവർത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കിഴക്കൻ മേഖലയിലെ ഗതാഗത സേവനത്തെ മാറ്റി മറിക്കുന്നതായിരിക്കും ദമാം-ജുബൈൽ-റാസൽ ഖൈർ ട്രെയിൻ സർവ്വീസ്.
അൽ ഇഖ്ബരിയ ചാനലിൽ പ്രക്ഷേപണം ചെയ്ത “അൽ നഷ്റ അൽ ഉല ” പ്രോഗ്രാമിൽ പങ്കെടുക്കുകയായിരുന്നു ഗതാഗത മന്ത്രി അൽ ജാസർ. നഗരത്തിൽ നിലവിലുള്ള ഫാക്ടറികളെ ജുബൈൽ തുറമുഖവും ദമാം തുറമുഖവുമായി ബന്ധിപ്പിക്കുന്നതിന് നഗരത്തിനുള്ളിൽ ഒരു റെയിൽ ശൃംഖല പദ്ധതിയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാജ്യത്തിന്റെ പടിഞ്ഞാറ് മേഖലയെ കിഴക്കുമായി ബന്ധിപ്പിക്കുന്ന പ്രധാന പാത ഗതാഗത, ലോജിസ്റ്റിക് സേവനങ്ങൾക്കായുള്ള ഏറ്റവും പ്രധാനപ്പെട്ട ദേശീയ തന്ത്രപരമായ പദ്ധതികളിലൊന്നാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പടിഞ്ഞാറ് മേഖലയിലെ മാറ്റൊരു തുറമുഖ നഗരമായ യാംബുവിനെ കിംഗ് അബ്ദുള്ള ഇക്കണോമിക് സിറ്റിയുമായി ജിദ്ദ, റിയാദ് തുറമുഖങ്ങളുമായി ബന്ധിപ്പിക്കുന്ന ഒരു റെയിൽവേ പാതയാണ് ഇതെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ, പദ്ധതിയിൽ നിരവധി ലോജിസ്റ്റിക് നഗരങ്ങളും ഉൾപ്പെടുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.




