റിയാദ്: ഓർഡർ ചെയ് ഭക്ഷണത്തിനായി റിയാദിലെ റെസ്റ്റോറന്റിനു മുന്നിൽ കാത്തിരിക്കുന്നതിനിടെ ഡോക്ടർ ദമ്പതികൾ കാറിനുള്ളിൽ ശ്വാസംമുട്ടി മരിച്ചു. ശഖ്റാ ആശുപത്രിയിലെ സർജനായ ഡോ. അബ്ദുൽ അസീസ് ഇദ്രീസും ശഖ്റായിലെ മെഡിക്കൽ കോംപ്ലക്സിൽ ജോലി ചെയ്യുന്ന ഭാര്യ ഡോ. അസ്മാ അഹ്മദുമാണ് ദാരുണമായി മരിച്ചത്.
കാറിന്റെ എയർ കണ്ടീഷണറിൽ നിന്നുള്ള വാതക ചോർച്ചയാണ് ദുരന്തത്തിന് കാരണം. ഷിഫ്റ്റുകൾക്കിടയിലുള്ള ഒഴിവു സമയം പ്രയോജനപ്പെടുത്തി തലസ്ഥാനമായ റിയാദിൽ ഒരു ദിവസം ചെലവഴിക്കാനെത്തിയതായിരുന്നു ദമ്പതികൾ.
കഴിഞ്ഞ ദിവസം വൈകുന്നേരം ശഖ്റായിലെ ഇസ്തിറാഹയിൽ നടന്ന അനുശോചന ചടങ്ങിൽ ദമ്പതികളുടെ പുരുഷ-വനിതാ സഹപ്രവർത്തകർ പങ്കെടുത്തു. ദമ്പതികളുടെ വിയോഗത്തിൽ സഹപ്രവർത്തകർ അഗാധമായ ദുഃഖം പ്രകടിപ്പിച്ചു.
ഡോ. അബ്ദുൽ അസീസ് ഇദ്രീസിന്റെയും ഡോ. അസ്മാ അഹ്മദിന്റെയും ഉയർന്ന ധാർമികതയെയും ജോലിയോടുള്ള സമർപ്പണത്തെയും സഹപ്രവർത്തകരോടും രോഗികളോടും ആദരവോടും വിനയത്തോടും കൂടി പെരുമാറിയതിനെയും സഹപ്രവർത്തകർ പ്രശംസിച്ചു.
…





