കൊച്ചി: മുഖ്യമന്ത്രിയെ വിമാനത്തില്‍ ആക്രമിക്കാന്‍ ശ്രമിച്ചെന്ന കേസിലെ പ്രതിയും യൂത്ത് കോണ്‍ഗ്രസ് കണ്ണൂര്‍ വൈസ് പ്രസിഡന്റും സ്‌കൂള്‍ അധ്യാപകനുമായ ഫര്‍സീന്‍ മജീദിനെതിരായ അന്വേഷണ റിപ്പോര്‍ട്ടിലെയും കാരണം കാണിക്കല്‍ നോട്ടീസിലെയും തുടര്‍ നടപടികള്‍ ഹൈക്കോടതി സ്റ്റേ ചെയ്തു.
മട്ടന്നൂര്‍ എഇഒ ജൂലായ് 15-നു സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ടും അതിന്റെ അടിസ്ഥാനത്തില്‍ ഒരു ഇന്‍ക്രിമെന്റ് തടയാതിരിക്കാന്‍ കാരണം അറിയിക്കണമെന്ന മാനേജ്‌മെന്റിന്റെ നോട്ടീസും ചോദ്യംചെയ്ത് കണ്ണൂര്‍ മട്ടന്നൂര്‍ കോലോലം യുപി സ്‌കൂള്‍ അധ്യാപകന്‍ കൂടിയായ ഫര്‍സീന്‍ നല്‍കിയ ഹര്‍ജിയിലാണ് ഇടക്കാല ഉത്തരവ്. പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ക്കടക്കം നോട്ടീസിനു നിര്‍ദേശിച്ച ജസ്റ്റിസ് ടി.ആര്‍. രവി, ഹര്‍ജി ഓഗസ്റ്റ് 26-ന് പരിഗണിക്കാന്‍ മാറ്റി.
കണ്ണൂരില്‍നിന്ന് തിരുവനന്തപുരത്തേക്കുള്ള ഇന്‍ഡിഗോ വിമാനത്തിനുള്ളില്‍ വെച്ച് 2022 ജൂണ്‍ 13-ന് മുഖ്യമന്ത്രിയെ ഇതേ വിമാനത്തിലെ യാത്രക്കാരായിരുന്ന ഹര്‍ജിക്കാരനും മറ്റു ചിലരും ആക്രമിക്കാന്‍ ശ്രമിച്ചെന്നാണ് കേസ്. തുടര്‍ന്ന് അറസ്റ്റിലാവുകയും പിന്നീട് ജാമ്യത്തിലിറങ്ങുകയും ചെയ്തു. അച്ചടക്ക നടപടിയുടെ ഭാഗമായി സ്‌കൂളില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു.
ഇതുകൂടാതെയാണിപ്പോള്‍ എഇഒ അന്വേഷണ റിപ്പോര്‍ട്ട് മാനേജര്‍ക്ക് സമര്‍പ്പിച്ചതും മാനേജര്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയതും. തുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിച്ചത്. അന്വേഷണ റിപ്പോര്‍ട്ടും കാരണം കാണിക്കല്‍ നോട്ടീസും റദ്ദാക്കണമെന്നാണ് ആവശ്യം. 2022 ജൂണ്‍ മുതല്‍ തടഞ്ഞുവെച്ചിട്ടുള്ള ആനുകൂല്യങ്ങള്‍ അനുവദിക്കാനും ഇന്‍ക്രിമെന്റ് അനുവദിക്കാനും ഉത്തരവിടണമെന്നും ആവശ്യപ്പെടുന്നുണ്ട്. ഹര്‍ജി ഓഗസ്റ്റ് 26-ന് വീണ്ടും പരിഗണിക്കും.