10 വർഷത്തിനിടെ 162 വിദേശയാത്രകൾ; ആയുധവ്യാപാരിയെ പരിചയപ്പെടുത്തിയത് വിവാദ ആൾദൈവം

0
205

ന്യൂഡൽഹി: ഗാസിയാബാദിൽ വെസ്റ്റാർക്ടിക്ക എന്ന രാജ്യത്തിന്റെ പേരിൽ വ്യാജ എംബസി നടത്തിയതിന് അറസ്റ്റിലായ ഹർഷ്‌വർധൻ ജെയിൻ കൂടുതൽ തട്ടിപ്പുകളിൽ പങ്കാളിയെന്ന സൂചനയെത്തുടർന്ന് അന്വേഷണം തുടങ്ങി.

300 കോടി രൂപയുടെ സാമ്പത്തികത്തട്ടിപ്പുമായി ഇയാൾക്കു ബന്ധമുണ്ടെന്നാണ് കേസ് അന്വേഷിക്കുന്ന ഉത്തർപ്രദേശ് ടാസ്ക് ഫോഴ്സിന്റെ (എസ്ടിഎഫ്) നിഗമനം. വിദേശ ആയുധവ്യാപാരിയുമായി അടക്കം ബന്ധമുണ്ടെന്നതിനുളള തെളിവുകളും ഇയാളുടെ ഓഫിസിൽനിന്നു കണ്ടെത്തിയിരുന്നു.

കഴിഞ്ഞ പത്തു വർഷത്തിനിടെ ജെയിൻ 162 വിദേശയാത്രകൾ നടത്തിയിട്ടുണ്ടെന്നും ഇയാൾക്ക് നിരവധി വിദേശബാങ്ക് അക്കൗണ്ടുകളുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. എട്ടു വർഷമായി വ്യാജഎംബസി നടത്തിയിരുന്ന ജെയിൻ കഴിഞ്ഞ ആഴ്ചയാണ് പിടിയിലായത്. വിവാദ ആൾദൈവം ചന്ദ്രസ്വാമി, സൗദി സ്വദേശിയായ ആയുധവ്യാപാരി അദ്നാൻ ഖഷോഗി എന്നിവർക്കൊപ്പമുള്ള ജെയിനിന്റെ ചിത്രങ്ങൾ ഓഫിസിൽനിന്നു കണ്ട‌െടുത്തിരുന്നു.

എൺപതുകളിലും തൊണ്ണൂറുകളിലും രാഷ്ട്രീയ നേതാക്കൾ അടക്കമുള്ള ഉന്നതരുമായി അടുപ്പമുണ്ടായിരുന്ന ചന്ദ്രസ്വാമി സാമ്പത്തിക കുറ്റകൃത്യങ്ങളുടെ പേരിൽ 1996ലാണ് അറസ്റ്റിലായത്. രാജീവ് ഗാന്ധി വധവുമായി ചന്ദ്രസ്വാമിക്കു ബന്ധമുണ്ടെന്നും ആരോപണമുയർന്നിരുന്നു.

ചന്ദ്രസ്വാമിയാണ് ജെയിനിന് ഖഷോഗിയെയും സാമ്പത്തിക തട്ടിപ്പു കേസിലെ പ്രതി അഹ്സാൻ അലി സയേദിനെയും പരിചയപ്പെടുത്തിയതെന്നാണ് വിവരം. സയേദ് ഖഷോഗിയുമായി ചേർന്ന് 25 ഷെൽ കമ്പനികൾ തുടങ്ങിയെന്നും അതു വഴി കള്ളപ്പണം വെളുപ്പിച്ചെന്നും ആരോപണമുണ്ട്. ഹൈദരാബാദിൽ ജനിച്ച സയേദ് പിന്നീട് തുർക്കി പൗരത്വം സ്വീകരിക്കുകയായിരുന്നു.