മുംബൈ: മഹാരാഷ്ട്രയിൽ നിയമസഭാ സമ്മേളനത്തിനിടെ മൊബൈലിൽ റമ്മി കളിച്ച് മന്ത്രി. എൻസിപി നേതാവും കൃഷി മന്ത്രിയുമായ മണിക് റാവു കോകട്ടെ ആണ് മൊബൈലിൽ ഓൺലൈൻ റമ്മികളിച്ചത്. ഇതിന്റെ വീഡിയോ പുറത്തുവന്നതോടെ കടുത്ത പ്രതിഷേധമുയര്‍ന്നു.
എൻസിപി (എസ്‍പി) എംഎൽഎ രോഹിത് പവാര്‍ ആണ് മന്ത്രി റമ്മി കളിക്കുന്ന വീഡിയോ പുറത്തുവിട്ടത്. കര്‍ഷകര്‍ ദിവസേന ആത്മഹത്യ ചെയ്യുന്ന സംസ്ഥാനത്ത് ഒരു പണിയുമില്ലാതെ കൃഷിമന്ത്രി റമ്മി കളിക്കുകയാണെന്ന് പ്രതിപക്ഷം വിമര്‍ശിച്ചു.
ജനുവരി മുതൽ മാര്‍ച്ചുവരെ 767 കര്‍ഷകരാണ് സംസ്ഥാനത്ത് ആത്മഹത്യചെയ്തത് എന്നും പ്രതിപക്ഷം ചൂണ്ടിക്കാട്ടി. കാർഷിക പദ്ധതികളിൽനിന്ന് ലഭിക്കുന്ന പണം കർഷകര്‍ വിവാഹനിശ്ചയ ചടങ്ങുകൾക്കും വിവാഹങ്ങൾക്കും ഉപയോഗിക്കുന്നുവെന്ന കോകട്ടെയുടെ പരാമര്‍ശം നേരത്തെ വിവാദമായിരുന്നു.





