ഇന്ധന സ്വിച്ച് ഓഫ് ചെയ്യാനാകുക മനുഷ്യനുമാത്രം, പൈലറ്റ് അത് ചെയ്തില്ലെങ്കിൽ മറ്റാര്?

0
356

ന്യൂഡൽഹി: അഹമ്മദാബാദിൽ വിമാനം തകർന്ന് ഒരു മാസം പിന്നിടുന്നു. അപകടത്തേക്കുറിച്ച് അന്വേഷണം നടത്തി, പ്രാഥമിക റിപ്പോർട്ട് സമർപ്പിക്കപ്പെട്ടെങ്കിലും ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ ഇനിയുമേറെ. വിമാനത്തിന്റെ എൻജിനുകളിലേക്കുള്ള ഇന്ധനസ്വിച്ചുകൾ ഓഫായിരുന്നുവെന്ന പ്രാഥമികാന്വേഷണ റിപ്പോർട്ടിലെ കണ്ടെത്തലാണ് ഇപ്പോൾ ചർച്ചകൾക്ക് വഴിവെച്ചിരിക്കുന്നത്.

ഇതിലേക്കുനയിച്ച കാരണങ്ങളെക്കുറിച്ച് വിദഗ്ധർക്ക് പല അഭിപ്രായങ്ങളാണ്. എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയുടെ (എഎഐബി) വിശദ അന്വേഷണത്തിൽമാത്രമേ സംഭവിച്ചതിൽ വ്യക്തതവരൂ.

അപകടത്തിൽപ്പെട്ട എയർഇന്ത്യ ബോയിങ് 787-8 വിമാനം സാങ്കേതിക പരിശോധനകളിൽ സുരക്ഷിതമായിരുന്നുവെന്നാണ് പ്രാഥമിക റിപ്പോർട്ടിൽ പറയുന്നത്. 2013-ലാണ് വിമാനം നിർമിച്ചത്. 2025 മേയിൽ എയർവർത്തിനെസ് റിവ്യു സർട്ടിഫിക്കറ്റ് (എആർസി) നേടിയ വിമാനത്തിന് അടുത്ത മേയ് വരെ സർട്ടിഫിക്കറ്റ് കാലാവധിയുണ്ടായിരുന്നു. കഴിഞ്ഞ മേയ് ഒന്നിന് ഒരു എഞ്ചിനും മാർച്ച് 26ന് മറ്റൊരു എഞ്ചിനും മാറ്റി സ്ഥാപിച്ചിരുന്നു. എന്നിട്ടും വിമാനത്തിന് എന്താണ് സംഭവിച്ചത് എന്ന ചോദ്യം ബാക്കി.

അപകടത്തിൽ തകർന്നുകിടന്ന വിമാനത്തിന്റെ ബ്ലാക് ബോക്സ് വിവരങ്ങൾ അമേരിക്കൻ ഏജൻസിയുടെ സഹായത്തോടെയാണ് ഡീക്കോഡ് ചെയ്തതെന്ന് എഎഐബി പ്രാഥമിക റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. തകരാറിലായ റെക്കോഡറുകളിൽനിന്ന് വിവരങ്ങളെടുക്കാൻ അമേരിക്കയുടെ എൻടിഎസ്ബി വിദഗ്ധ ഉപകരണങ്ങൾ ഇന്ത്യയിലെത്തിച്ചതായാണ് റിപ്പോർട്ടിൽ പറയുന്നത്. ജൂൺ 23-നാണ് ഈ ഉപകരണമെത്തിച്ചത്.

വിമാനത്തിലെ വിവരങ്ങൾ രേഖപ്പെടുത്തുന്ന മുന്നിലെയും പിന്നിലെയും എൻഹാൻസ്ഡ് എയർബോൺ ഫ്ളൈറ്റ് റെക്കോഡറുകൾ (ഇഎഎഫ്ആർ) ജൂൺ 13-നും 16-നുമാണ് അപകടസ്ഥലത്തുനിന്ന് കത്തിക്കരിഞ്ഞനിലയിൽ കണ്ടെടുത്തത്. ഇവ ജൂൺ 24-ന് അഹമ്മദാബാദിൽനിന്ന് ഡൽഹിയിലെ എഎഐബി കേന്ദ്രത്തിലെത്തിച്ചു. അവിടെയാണ് യുഎസ് ഉപകരണമുപയോഗിച്ചുള്ള പ്രാഥമിക പരിശോധന നടത്തിയത്. വിമാന ഡേറ്റാ പരിശോധനയ്ക്കായി ഇക്കഴിഞ്ഞ ഏപ്രിലിലാണ് ഡൽഹിയിൽ എഎഐബി പുതിയ ലാബ് തുറന്നത്.

മാനുഷിക ഇടപെടലിലൂടെമാത്രമേ ഇന്ധനസ്വിച്ചുകളിൽ മാറ്റം വരുത്താനാകൂ എന്ന് ഫെഡറേഷൻ ഓഫ് ഇന്ത്യൻ പൈലറ്റ്‌സ് (എഫ്പിഐ) പ്രസിഡന്റും എയർ ഇന്ത്യ മുൻ പൈലറ്റുമായ ക്യാപ്റ്റൻ സി.എസ്. രൺധാവ അഭിപ്രായപ്പെട്ടു. സുരക്ഷാകാരണങ്ങളാൽ ലോക്ക് സംവിധാനത്തോടെ വരുന്ന ഈ സ്വിച്ചുകൾ പ്രത്യേക രീതിയിൽ നീക്കിയേ റൺചെയ്യാനും മാറ്റാനുമാകൂവെന്ന് അദ്ദേഹം പറഞ്ഞു.

ഇന്ധന സ്വിച്ച് ഓഫാക്കണമെങ്കിൽ രണ്ടാം പൈലറ്റുമായും സ്ഥിരീകരണം വാങ്ങാറുമുണ്ട്. എന്നാൽ, അഹമ്മദാബാദിൽ ക്യാപ്റ്റനും ഫസ്റ്റ് ഓഫീസറും തമ്മിൽനടന്ന സംഭാഷണത്തിലെ വിവരങ്ങൾ റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്നത് വ്യക്തമല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.