തൃശൂരിലെ അവധി പ്രഖ്യാപനത്തിൽ സർവത്ര ആശയക്കുഴപ്പം; ഒടുവിൽ വ്യക്തത വരുത്തി കലക്ടർ

0
253

തൃശൂർ: ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധിയുണ്ടോ? വിദ്യാഭ്യാസ ജില്ലയിലെ സ്ഥാപനങ്ങൾക്ക് മാത്രമാണോ അവധി? വെള്ളിയാഴ്ച വൈകിട്ട് അവധി പ്രഖ്യാപനത്തിൽ വലിയ ആശയക്കുഴപ്പമാണ് ഉടലെടുത്തത്.

വിദ്യാഭ്യാസ ജില്ലാ ഓഫിസറുടെ പരിധിയിൽ വരുന്ന സ്ഥാപനങ്ങൾക്ക് മാത്രമാണ് ആദ്യം പ്രവൃത്തി ദിനം ആയിരിക്കുമെന്നു പ്രഖ്യാപിച്ചതും പിന്നീട് അതു പിൻവലിച്ചതും. ഈ പിൻവലിക്കൽ എല്ലാ സ്കൂളുകൾക്കും അവധി എന്ന രീതിയിൽ പ്രചരിക്കുകയുമായിരുന്നു. എന്നാൽ പിന്നാലെ ജില്ലാ കലക്ടർ അർജുൻ പാണ്ഡ്യൻ രാത്രി പത്ത് മണിയോടെ എല്ലാ സംശയങ്ങളും അവസാനിപ്പിച്ച് ഫെയ്‌സ്ബുക്കിൽ പോസ്റ്റ് ഇടുകയായിരുന്നു.

തൃശൂർ വിദ്യാഭ്യാസ ജില്ലയിലെ സ്കൂളുകൾക്ക് ശനിയാഴ്ച ക്ലാസ് ഉണ്ടെന്ന് പ്രഖ്യാപിച്ചാണ് തൃശൂർ വിദ്യാഭ്യാസ ജില്ലാ ഓഫിസർ ആദ്യം ഉത്തരവ് ഇറക്കിയത്. തൃശൂർ ജില്ലയിൽ തന്നെ തൃശൂർ, ചാവക്കാട്, ഇരിങ്ങാലക്കുട എന്നിങ്ങനെ മൂന്നു വിദ്യാഭ്യാസ ജില്ലകളാണ് ഉള്ളത്. അതിൽ ഒരു വിദ്യാഭ്യാസ ജില്ല മാത്രമാണ് തൃശൂർ. ഇതിന്റെ പരിധിയിൽ വരുന്ന സർക്കാർ, എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് വിദ്യാഭ്യാസ ജില്ലാ ഓഫിസർ ആദ്യം ശനിയാഴ്ച ക്ലാസ് ഉണ്ടെന്ന് പറഞ്ഞത്. 

എന്നാൽ മഴ തുടരുന്ന സാഹര്യത്തിൽ ക്ലാസ് വയ്ക്കേണ്ടതുണ്ടോ എന്ന് കലക്ടർ തൃശൂർ വിദ്യാഭ്യാസ ഓഫിസറോട് വാക്കാൽ ചോദിച്ചു. ഇതോടെ തൃശൂർ വിദ്യാഭ്യാസ ജില്ലാ ഓഫിസർ താൻ ഇറക്കിയ ഉത്തരവ് പിൻവലിക്കുകയും തൃശൂർ വിദ്യാഭ്യാസ ജില്ലയിൽ ശനിയാഴ്ച അവധി ആയിരിക്കുമെന്ന് അറിയിക്കുകയുമായിരുന്നു. എന്നാൽ ഇത് തൃശൂർ ജില്ലയിലെ മുഴുവൻ വിദ്യാലയങ്ങൾക്കും എന്ന രീതിയിൽ പ്രചരിച്ചതോടെയാണ് ആശയക്കുഴപ്പത്തിന് തുടക്കമിട്ടത്.

‘തൃശൂർ ജില്ലയിൽ ഒറ്റപ്പെട്ട കനത്ത മഴ സാധ്യത നാളെയും തുടരുന്നതിനാൽ ശനിയാഴ്ച ക്ലാസ് വയ്ക്കേണ്ടതില്ലെന്ന് ജില്ലാ കലക്ടർ അർജുൻ പാണ്ഡ്യൻ നിർദേശം നൽകി’ – പിആർഡിയുെട ഈ കുറിപ്പാണ് അടുത്ത ആശയക്കുഴപ്പം സൃഷ്ടിച്ചത്. 

യഥാർഥത്തിൽ, ക്ലാസ് വയ്ക്കേണ്ടേതില്ലെന്ന് കലക്ടർ വിദ്യാഭ്യാസ ഓഫിസറോട് ആണ് നിർദേശിച്ചത്. ഇതിൽ വിദ്യാഭ്യാസ ഓഫിസറോട് എന്ന വാക്ക് പിആർഡി പത്രക്കുറിപ്പിൽ ഇല്ലാതിരുന്നതിനാൽ, ക്ലാസ് വയ്ക്കേണ്ടെന്ന് എല്ലാ സ്കൂളുകൾക്കുമുള്ള നിർദേശമായി തെറ്റിദ്ധരിക്കപ്പെട്ടു.

വൈകാതെ തിരുത്തിയ കുറിപ്പുമായി പിആർഡി രംഗത്തെത്തി. ‘‘സ്കൂൾ അവധി സംബന്ധിച്ച് നേരത്തെ നൽകിയ വാർത്തയിൽ വസ്തുതാപരമായ പിശകുള്ളതിനാൽ വാർത്ത തിരുത്തി അയയ്ക്കുന്നു. പ്രിയ മാധ്യമ സ്നേഹിതർ തിരുത്തിയ വാർത്ത പ്രചരിപ്പിക്കണമെന്ന് അഭ്യർഥിക്കുന്നു. തൃശൂർ ജില്ലയിൽ ഒറ്റപ്പെട്ട മഴ സാധ്യത തുടരുന്നതിനാൽ തൃശൂർ ജില്ലാ വിദ്യാഭ്യാസ ഓഫിസിന്റെ കീഴിലുള്ള സ്കൂളുകളിൽ ശനിയാഴ്ച ക്ലാസ് ഉണ്ടാകില്ലെന്ന് ജില്ലാ വിദ്യാഭ്യാസ ഓഫിസർ അറിയിച്ചു. ജില്ലയിലെ മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഈ അവധി ബാധകമല്ല. ഇതു സംബന്ധിച്ച് ജില്ലാ ഭരണകൂടത്തിൽ നിന്ന് യാതൊരു നിർദേശവും നൽകിയിട്ടില്ല.’’

‘‘സ്കൂൾ അവധി സംബന്ധിച്ച് വ്യക്തത. തൃശൂർ ജില്ലാ വിദ്യാഭ്യാസ ഓഫിസിന്റെ കീഴിലുള്ള സ്കൂളുകളിൽ ജൂൺ 28 ശനിയാഴ്ച ക്ലാസ് ഉണ്ടാകില്ലെന്ന് ജില്ലാ വിദ്യാഭ്യാസ ഓഫിസർ അറിയിച്ചതാണ് ജില്ലയിൽ എല്ലാ സ്കൂളുകൾക്കും അവധി എന്ന രീതിയിൽ പ്രചരിച്ചത്. ജില്ലയിലെ മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഈ അറിയിപ്പ് ബാധകമല്ല. ഇതു സംബന്ധിച്ച് ജില്ലാ ഭരണകൂടത്തിൽ നിന്ന് യാതൊരു അറിയിപ്പും നൽകിയിട്ടില്ല.’’ – കലക്ടർ അർജുൻ പാണ്ഡ്യൻ വ്യക്തമാക്കി.

അതേസമയം തൃശൂർ ജില്ലയിലെ മറ്റു രണ്ടു വിദ്യാഭ്യാസ ജില്ലകളായ ചാവക്കാടും ഇരിങ്ങാലക്കുടയിലും ശനിയാഴ്ച സാധാരണ പോലെ അവധി തന്നെയാണ്. അവിടെ ക്ലാസ് ഉണ്ടെന്ന് മേഖലയിലെ വിദ്യാഭ്യാസ ജില്ലാ ഓഫിസർമാർ അറിയിച്ചിട്ടില്ല.