‘ഇറാനിൽ നടന്നത് ഹിരോഷിമയ്ക്കും നാഗസാക്കിക്കും സമാനമായത്’, ആ ഒരു അടിയാണ് യുദ്ധം അവസാനിപ്പിച്ചത്: ട്രംപ്

0
263

ആംസ്റ്റർഡാം: ഇറാനിലെ ആണവ നിലയങ്ങളിൽ യുഎസ് നടത്തിയ ആക്രമണത്തെ 1945ലെ രണ്ടാം ലോക മഹായുദ്ധ കാലത്ത് ഹിരോഷിമയിലും നാഗസാക്കിയിലുമുണ്ടായ ആണവ ബോംബാക്രമണവുമായി താരതമ്യം ചെയ്ത് പ്രസിഡന്‍റ് ഡോണാള്‍ഡ് ട്രംപ്.

നാറ്റോ ഉച്ചക്കോടിക്കിടെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. യുഎസ് ആക്രമണം ഇറാന്‍റെ ആണവ പദ്ധതികളെ പതിറ്റാണ്ടുകൾ പിന്നോട്ടടിച്ചുവെന്നും ട്രംപ് അവകാശപ്പെട്ടു.

‘‘ആ ഒരു അടിയാണ് യുദ്ധം അവസാനിപ്പിച്ചത്. ഹിരോഷിമയെയോ നാഗസാക്കിയെയോ അതിന് ഉദാഹരണമായി കാണിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. പക്ഷേ, അതിനു സമാനമായ കാര്യം തന്നെയാണ് ഇപ്പോള്‍ യുദ്ധം അവസാനിപ്പിച്ചത്. ഞങ്ങള്‍ അങ്ങനെ ചെയ്തില്ലായിരുന്നെങ്കിൽ അവര്‍ ഇപ്പോഴും യുദ്ധം ചെയ്തുകൊണ്ടിരിക്കുമായിരുന്നു’’ – ട്രംപ് പറഞ്ഞു.

‘ഞാന്‍ ഹിരോഷിമയുടെയും നാഗസാക്കിയുടെയും ഉദാഹരണം ഉപയോഗിക്കാന്‍ ആഗ്രഹിക്കുന്നില്ല. എന്നാല്‍, യുദ്ധം അവസാനിപ്പിക്കാന്‍ കാരണമായത് അതായിരുന്നു. ഞങ്ങള്‍ അവരുടെ (ഇറാന്‍റെ) ആണവകേന്ദ്രങ്ങള്‍ തകര്‍ത്തില്ലായിരുന്നെങ്കില്‍ അവര്‍ ഇപ്പോഴും യുദ്ധം ചെയ്യുമായിരുന്നു’, ഇസ്രയേല്‍-ഇറാന്‍ സംഘര്‍ഷത്തെ മുന്‍നിര്‍ത്തി ട്രംപ് പറഞ്ഞു.

കുറെ കാലത്തേക്ക് ഇറാൻ ബോംബുകള്‍ ഉണ്ടാക്കാൻ പോകുന്നില്ലെന്ന് ട്രംപ് നേരത്തെ പറഞ്ഞിരുന്നു. ഇറാന്‍റെ ആണവ കേന്ദ്രങ്ങള്‍ക്ക് കനത്ത നാശനഷ്ടമാണ് സംഭവിച്ചതെന്നാണ് ട്രംപ് അവകാശപ്പെടുന്നത്. ബങ്കർ ബസ്റ്റർ ബോംബ് ആക്രമണത്തിൽ ആണവസംവിധാനങ്ങൾ തക‍ർന്നില്ലെന്ന പെന്റഗൺ റിപ്പോ‍ർട്ട് ട്രംപ് തള്ളി.

രണ്ടാം ലോകമഹായുദ്ധത്തില്‍ ഹിരോഷിമ, നാഗസാക്കി എന്നിവടങ്ങളില്‍ അണുബോംബ് വര്‍ഷിച്ചതിന്റെ ഭാഗമായി യുദ്ധത്തില്‍നിന്ന് പൂര്‍ണ്ണമായും പിന്മാറാന്‍ ജപ്പാന്‍ നിര്‍ബന്ധിതമായിരുന്നു.