റിയാദ്: ഇറാൻ ഇസ്രാഈൽ ആക്രമണത്തിൽ അമേരിക്ക കൂടി നേരിട്ട് ഇറങ്ങിയതോടെ അമേരിക്കൻ സഖ്യ കക്ഷികളായ ഗൾഫ് രാജ്യങ്ങൾ തങ്ങളുടെ നിലപാടുകൾ പ്രഖ്യാപിച്ചു. ഇറാന്‍ ആണവ കേന്ദ്രങ്ങള്‍ക്കു നേരെ അമേരിക്ക നടത്തിയ ആക്രമണങ്ങളെ അതിശക്തമായ ഭാഷയില്‍ അപലപിച്ച ഗൾഫ് രാജ്യങ്ങൾ അമേരിക്കൻ നിലപാടിന് എതിരെ രംഗത്തെത്തുകയും ചെയ്തു.
അമേരിക്കയുടെ ഇടപെടലിനെതിരെ ഇറാൻ ശക്തമായി തിരിച്ചടിക്കുകയും ഗൾഫിലെ അമേരിക്കൻ കേന്ദ്രങ്ങൾ ആക്രമിക്കുമെന്ന് ഭീഷണി മുഴക്കുകയും ചെയ്ത സാഹചര്യത്തിൽ
ഏവരും ഉറ്റുനോക്കുന്നത് മേഖലയിലെ പ്രധാന ശക്തികളായ ഗൾഫ് രാജ്യങ്ങളുടെ നിലപാടുകളിലേക്കാണ്. ജിസിസി യിലെ ഓരോ രാജ്യങ്ങളുടേയും ഔദ്യോഗിക പ്രതികരണങ്ങൾ അറിയാം
ജിസിസി
അമേരിക്കന്‍ ആക്രമണം മേഖലയില്‍ സംഘര്‍ഷം വര്‍ധിപ്പിക്കുമെന്നും സുരക്ഷയെയും സ്ഥിരതയെയും ബാധിക്കുമെന്നും ഗള്‍ഫ് സഹകരണ കൗണ്‍സില്‍ സെക്രട്ടറി ജനറല്‍ ജാസിം അല്‍ബുദൈവി മുന്നറിയിപ്പ് നല്‍കി. മേഖലയുടെ സുരക്ഷക്കും സ്ഥിരതക്കും ഭീഷണിയായ എല്ലാ കാര്യങ്ങളെയും ജി.സി.സി അപലപിക്കുന്നുവെന്നും സംഘര്‍ഷങ്ങള്‍ ലഘൂകരിക്കാന്‍ എല്ലാ കക്ഷികളും സംയുക്ത ശ്രമങ്ങള്‍ നടത്തണമെന്നും സംഘര്‍ഷങ്ങള്‍ പരിഹരിക്കാനുള്ള ഫലപ്രദമായ മാര്‍ഗമായി നയതന്ത്രം സ്വീകരിക്കണമെന്നും യുദ്ധത്തിന്റെ അപകടങ്ങളില്‍ നിന്ന് പ്രദേശത്തെയും ജനങ്ങളെയും സംരക്ഷിക്കാനായി പരമാവധി സംയമനം പാലിക്കണമെന്നും ഗള്‍ഫ് സഹകരണ കൗണ്‍സില്‍ സെക്രട്ടറി ജനറല്‍ ആവശ്യപ്പെട്ടു.
സഊദി അറേബ്യ
അമേരിക്കന്‍ ആക്രമണങ്ങളെ അപലപിക്കുന്നതായി പ്രഖ്യാപിച്ച സഊദി അറേബ്യ ആക്രമണത്തിലൂടെ ആക്രമണത്തിലൂടെ ഇറാന്റെ പരമാധികാരം ലംഘിക്കപ്പെട്ടുവെന്നും രാജ്യങ്ങളുടെ പരമാധികാരത്തെ ലംഘിക്കുന്ന ഏതൊരു ഇടപെടലും നിരാകരിക്കുന്നുവെന്നും സഊദി അറേബ്യ വ്യക്തമാക്കി. സംയമനം പാലിക്കാനും സംഘര്‍ഷം കുറക്കാനും എല്ലാ ശ്രമങ്ങളും നടത്തണം. ഈ സന്നിഗ്ധ സമയത്ത് സ്ഥിതിഗതികള്‍ വഷളാകുന്നത് മേഖലയുടെ സുരക്ഷക്കും സ്ഥിരതക്കും ഭീഷണിയാണ്. പ്രതിസന്ധി അവസാനിപ്പിക്കുകയും മേഖലയില്‍ സുരക്ഷയും സ്ഥിരതയും കൈവരിക്കാനുള്ള പുതിയ അധ്യായം തുറക്കുകയും ചെയ്യുന്ന സമഗ്രമായ രാഷ്ട്രീയ പരിഹാരത്തിലെത്താനുള്ള ശ്രമങ്ങള്‍ വര്‍ധിപ്പിക്കണമെന്നും സഊദി അറേബ്യ അന്താരാഷ്ട്ര സമൂഹത്തോട് അഭ്യര്‍ഥിക്കുച്ചു.
ഖത്തർ
ഇറാന്‍ ആണവ കേന്ദ്രങ്ങള്‍ക്കു നേരെ അമേരിക്ക ആക്രമണം നടത്തിയതിലൂടെ സ്ഥിതിഗതികള്‍ വഷളായതില്‍ ഖത്തര്‍ വിദേശ മന്ത്രാലയം ഖേദം പ്രകടിപ്പിച്ചു. സംഭവവികാസങ്ങള്‍ ആശങ്കാജനകമാണെന്നും സൈനിക നടപടികള്‍ നിര്‍ത്തിവെച്ച് പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഉടന്‍ തന്നെ ചര്‍ച്ചയിലേക്കും നയതന്ത്ര പാതയിലേക്കും മടങ്ങേണമെന്നും ആവശ്യപ്പെട്ട ഖത്തർ, മേഖലയിലെ അപകടകരമായ പിരിമുറുക്കം പ്രാദേശിക, അന്തര്‍ദേശീയ തലങ്ങളില്‍ വിനാശകരമായ പ്രത്യാഘാതങ്ങള്‍ക്ക് കാരണമാകുമെന്നും മുന്നറിയിപ്പ് നൽകി.
ഒമാൻ
അമേരിക്കയും ഇറാനും തമ്മിലുള്ള ആണവ ചര്‍ച്ചകളിലെ പ്രധാന മധ്യസ്ഥരായി ഒമാന്‍ മുന്നിൽ നിന്നിരുന്നു. എന്നാൽ, ചർച്ചകൾ പുരോഗമിക്കുന്നതിടെയാണ് ഇസ്റാഈൽ ഇറാനെ ആക്രമിച്ചത്. അതിനിടെ ഇറാനിലെ മൂന്ന് ആണവ കേന്ദ്രങ്ങളില്‍ യു.എസ് നടത്തിയ ആക്രമണത്തെ ഒമാൻ അതിശക്തമായി അപലപിച്ചു. അമേരിക്കൻ ആക്രമണം നിയമവിരുദ്ധമാണെന്നും അതിനെ അപലപിക്കുന്നതായും ഒമാന്‍ പറഞു.
യു.എ.ഇ
മേഖലയില്‍ വര്‍ധിച്ചുവരുന്ന പിരിമുറുക്കങ്ങൾ പ്രാദേശിക, അന്തര്‍ദേശീയ സുരക്ഷയെ കൂടുതല്‍ അസ്ഥിരപ്പെടുത്തുമെന്നും. സംഘര്‍ഷം ഉടനടി അവസാനിപ്പിക്കണമെന്നുമാണ് യുഎഇ ആവശ്യപ്പെടുന്നത്. ആവര്‍ത്തിച്ചുള്ള യുദ്ധങ്ങളുടെയും സംഘര്‍ഷങ്ങളുടെയും വിപത്തില്‍ നിന്ന് മേഖലയെയും ജനങ്ങളെയും ഒഴിവാക്കി സമഗ്രമായ പരിഹാരത്തിലെത്താനുള്ള ശ്രമങ്ങള്‍ ശക്തമാക്കാന്‍ അന്താരാഷ്ട്ര സമൂഹത്തോട് യു.എ.ഇ വീണ്ടും ആഹ്വാനം ചെയ്തു.
ബഹ്‌റൈന്‍
സൈനിക ഓപറേഷനുകളും എത്രയും വേഗം അവസാനിപ്പിക്കുന്നതിന് മേഖലാ തലത്തിലും രാജ്യാന്തര തലത്തിലും ഏകോപിത ശ്രമങ്ങള്‍ ഉണ്ടാകണമെന്ന് ബഹ്‌റൈന്‍ അറിയിച്ചു. യുഎസും ഇറാനും തമ്മിലുള്ള ചര്‍ച്ചകള്‍ പുനരാരംഭിക്കണമെന്നും നയതന്ത്ര, സമാധാന നീക്കങ്ങളിലൂടെ നിലവിലെ പ്രതിസന്ധി പരിഹരിക്കണമെന്നും പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. അതിനിടെ, അമേരിക്കൻ കേന്ദ്രങ്ങൾ ആക്രമിക്കുമെന്ന ഇറാൻ ഭീഷണി വന്നതിനു പിന്നാലെ ഗൾഫിലെ ഏറ്റവും വലിയ അമേരിക്കൻ മിലിട്ടറി ബേസ് സ്ഥിതി ചെയ്യുന്ന ബഹറിനിൽ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.





