റിയാദ്: ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽ നിന്ന് നേരിട്ടുള്ള പ്രവേശനവിലക്ക് പിൻവലിക്കാൻ സാധ്യതയേറിയെന്നും ഈ മാസം അവസാനത്തോടെ ഇന്ത്യയിൽ നിന്ന് സഊദിയിലേക്ക് വിമാന വിലക്ക് നീങ്ങിയേക്കുമെന്നും റിപ്പോർട്ടുകൾ. ഒക്ടോബർ അവസാന വാരത്തിന് മുമ്പ് തന്നെ ഇക്കാര്യത്തിൽ അനുകൂല തീരുമാനമുണ്ടാവുമെന്ന് അറിയിച്ചിട്ടുണ്ടെന്ന് ഇന്ത്യൻ അംബാസഡർ ഡോ: ഔസാഫ് സഈദ് വ്യക്തമാക്കിയതായാണ് റിപ്പോർട്ട്. സഊദിയിൽ നിന്നിറങ്ങുന്ന അറബ് ന്യൂസ് സഹ സ്ഥാപനമായ മലയാളംന്യൂസ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
കഴിഞ്ഞ മാസം ഇന്ത്യയിലെത്തിയ സൗദി വിദേശകാര്യമന്ത്രി ഫൈസൽ ബിൻ ഫർഹാൻ രാജകുമാരനുമായി ഇന്ത്യൻ വിദേശ കാര്യമന്ത്രി ഡോ: എസ്. ജയ്ശങ്കർ നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിൽ ഈ മാസാവസാനത്തോടെ തീരുമാനമുണ്ടാകു സഊദി അംഗീകൃത വാക്‌സിനെടുത്തവർക്ക് വരാനാകുമെന്നുമാണ് റിപ്പോർട്ടുകൾ.
സഊദി അംഗീകൃത കൊവിഡ് വാക്‌സിൻ രണ്ട് ഡോസെടുത്തവർക്ക് ഹോട്ടൽ ക്വാറന്റൈൻ ഇല്ലാതെയും ഒരു ഡോസെടുത്തവർക്ക് ഹോട്ടൽ ക്വാറന്റൈൻ സഹിതവുമുള്ള പ്രവേശനാനുമതിയാണ് വരാനിരിക്കുന്നതെന്നും ഇപ്രകാരമാണ് വിദേശകാര്യമന്ത്രിമാർ തമ്മിൽ നടന്ന ചർച്ചയിൽ ധാരണയിലെത്തിയതെന്നും റിപ്പോർട്ടിൽ പറയുന്നു. അതോടെ കൊവാക്‌സിനെടുത്തവർക്കും സൗദിയിലേക്ക് വരാനാകുമെന്നും റിപ്പോർട്ടിൽ പറയുന്നു.




