ദുബൈ: ഇറാന്‍-ഇസ്റാഈൽ പോര് യുദ്ധത്തിലേക്ക് വഴിമാറിയതോടെ ജിസിസി രാജ്യങ്ങളുടെ വിമാന സര്‍വീസ് താളംതെറ്റുമെന്ന് ആശങ്ക. ഇതിനകം തന്നെ പറന്നുപൊങ്ങിയ വിമാനങ്ങൾ തിരിച്ചിറക്കി. പശ്ചിമേഷ്യയിലെ പല രാജ്യങ്ങളും തങ്ങളുടെ വ്യോമപാതകള്‍ അടച്ചിട്ടുണ്ട്. മാത്രമല്ല, സുരക്ഷ ഉറപ്പാക്കാന്‍ വിമാനത്താവളങ്ങളും ഇവര്‍ അടച്ചുപൂട്ടിയിട്ടുണ്ട്. ആക്രമണവും ഭീഷണിയും രൂക്ഷമായതിനാൽ നിരവധി വിമാനങ്ങൾ റദ്ദാക്കുകയും റൂട്ട് മാറ്റുകയും ചെയ്യുന്നുണ്ട്.
ഇസ്രഈലിനെതിരായ ഇറാൻ ആക്രമണത്തിൻ്റെ വെളിച്ചത്തിൽ ജോർദാൻ, ഇറാൻ, ഇസ്റാഈൽ, ലെബനൻ, ഇറാഖ് എന്നിവ താത്കാലികമായി വ്യോമാതിർത്തി അടച്ചതിനെത്തുടർന്ന് ചില വിമാനങ്ങൾ റദ്ദാക്കുകയും മറ്റുള്ളവ തിരിച്ചുവിടുകയും ചെയ്തു. ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കും വിമാന സര്‍വീസുള്ള രാജ്യമാണ് യുഎഇ. ഇവിടെ നിന്നുള്ള സര്‍വീസുകള്‍ തകിടംമറിഞ്ഞാല്‍ ആഗോള വ്യോമ ഗതാഗതത്തെ ബാധിക്കും. യാത്രാ വിമാനങ്ങള്‍ക്ക് സുരക്ഷ ഉറപ്പാക്കിയാല്‍ മാത്രമേ സര്‍വീസ് സാധ്യമാകൂ. അതിനിടെയാണ് ആശങ്ക പരത്തി ഇസ്റാഈൽ ഇറാന്നെതിരെ ആക്രമണം നടത്തിയത്.
ജോര്‍ദാന്‍, ഇറാഖ് തുടങ്ങിയ രാജ്യങ്ങളെല്ലാം വ്യോമപാത അടച്ചു. ഇതാണ് യുഎഇയില്‍ നിന്നുള്ള വിമാന സര്‍വീസ് താളംതെറ്റാന്‍ കാരണം. വിമാനങ്ങള്‍ സഊദി അറേബ്യ, ഈജിപ്ത് എന്നിവിടങ്ങളിലൂടെയാകും പറക്കുക. അന്താരാഷ്ട്ര വിമാനങ്ങൾ മിക്കതും സഊദി അറേബ്യ മുറിച്ചു കടന്നാണ് യാത്ര ചെയ്യുന്നത്.
വിമാനങ്ങള്‍ വൈകാന്‍ സാധ്യതയുണ്ടെന്ന് വിവിധ വിമാന കമ്പനികൾ അറിയിച്ചു. മേഖലയിലെ സുരക്ഷാ സാഹചര്യം വിലയിരുത്തി വരികയാണെന്നും കമ്പനികൾ വ്യക്തമാക്കി. ഇറാഖ്, ജോര്‍ദാന്‍, ലബ്‌നാന്‍, ഇസ്റാഈൽ എന്നീ രാജ്യങ്ങള്‍ വ്യോമപാത അടച്ചിരിക്കുകയാണ്. ഈ രാജ്യങ്ങളുടെ ആകാശത്ത് കൂടെ വിമാന സര്‍വീസ് സാധ്യമല്ല. ഇസ്റാഈലിന്റെ പ്രതികരണം കൂടി അറിഞ്ഞ ശേഷമാകും വിമാന കമ്പനികള്‍ ബാക്കി കാര്യങ്ങള്‍ തീരുമാനിക്കുക. ഇറാൻ – ഇസ്റാഈൽ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ സഊദിയിലെ വിവിധ വിമാന ത്താവളങ്ങളും മുന്നറിയിപ്പ് പുറത്തിറക്കി.
അതിനിടെ, ഇസ്റാഈലിലേക്ക് ഇറാന്റെ മിസൈൽ ആക്രമണമുണ്ടായി. ഇറാൻ തുടർച്ചയായി നിരവധി മിസൈൽ ആക്രമണങ്ങൾ നടത്തിയതായാണ് റിപ്പോർട്ട്. ആക്രമണം ഇസ്റാഈൽ സ്ഥിരീകരിച്ചു. ജനങ്ങൾ സുരക്ഷിത സ്ഥലങ്ങളിക്ക് മാറണമെന്ന് ഇസ്രായേൽ സൈന്യം ആവശ്യപ്പെട്ടു. വ്യക്തമായ നിർദേശം ലഭിച്ചതിന് ശേഷം മാത്രമേ സുരക്ഷിത സ്ഥാനങ്ങളിൽ നിന്ന് പുറത്തിറങ്ങാവൂ എന്നും സൈന്യം നിർദേശിച്ചു.
ഇസ്റാഈൽ തലസ്ഥാനമായ തെൽ അവീവിൽ സ്‌ഫോടനം നടന്നതായാണ് റിപ്പോർട്ട്. ഇവിടെ നിന്ന് പുകപടലങ്ങൾ ഉയരുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഇറാൻ ആക്രമണം തുടങ്ങിയതോടെ ഇസ്റാഈലിൽ മുഴുവൻ അപായ സൈറണുകൾ മുഴങ്ങുന്നതായി അൽ ജസീറ റിപ്പോർട്ട്





