മക്കൾക്ക് കൊവിഡ് വാക്‌സിൻ നൽകാൻ അനുവദിക്കുന്നില്ല, ഭർത്താവിനെതിരെ നിയമ നടപടിക്കൊരുങ്ങി യുവതി

0
1552

മക്ക: മക്കൾക്ക് കൊവിഡ് വാക്‌സിൻ നൽകാൻ അനുവദിക്കുന്നില്ലെന്നതിനെ തുടര്ന്ന് ഭർത്താവിനെതിരെ നിയമ നടപടിക്കൊരുങ്ങി യുവതി. മക്കയിലാണ് രണ്ട് മക്കൾക്ക് വാക്‌സിൻ നൽകാൻ ഭർത്താവ് വിസമ്മതിക്കുന്നതെന്ന് ചൂണ്ടിക്കാട്ടി നിയമ വിദഗ്ദ്ധനുമായി യുവതി കൂടിയാലോചന നടത്തിയത്. മക്കയിലെ അഭിഭാഷകനായ ഫൈസൽ ഗർബിയാണ് സംഭവം പ്രാദേശിക മാധ്യമവുമായി പങ്കു വെച്ചത്.

മക്കൾക്ക് വാക്‌സിൻ നൽകാൻ ഭർത്താവ് അനുവദിക്കുന്നില്ലെന്നും തുടർ നടപടികൾ എന്താണെന്നും ചോദിച്ചാണ് യുവതി ബന്ധപ്പെട്ടതെന്ന് അഭിഭാഷകൻ പറഞ്ഞു. വാക്‌സിൻ സ്വീകരിക്കാനുള്ള പ്രായ പരിധി കവിഞ്ഞവരാണ് രണ്ടു മക്കളും. എന്നാൽ, യാതൊരു കാരണവും വ്യക്തമാക്കാതെ വാക്‌സിൻ നൽകാൻ ഭർത്താവ് വിസമ്മതിക്കുകയാണെന്ന് യുവതി പറഞ്ഞു. കേസിൽ പിന്തുടരേണ്ട നടപടിക്രമങ്ങളെക്കുറിച്ച് സ്ത്രീ അന്വേഷിച്ചതായി ഗർബി കൂട്ടിച്ചേർത്തു. വാക്‌സിൻ ലഭിക്കാത്തതിനാൽ അവരുടെ വിദ്യാഭ്യാസവും സാധാരണ ജീവിതവും നഷ്ടപ്പെടുത്തുന്നുവെന്നാണ് യുവതിയുടെ പരാതി..

ശിശു സംരക്ഷണ സംവിധാനത്തിന് അനുസൃതമായി 116111 എന്ന ടോൾഫ്രീ നമ്പറിലോ അല്ലെങ്കിൽ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ ബന്ധപ്പെടാൻ മാതാവിന് നിർദ്ദേശം നൽകിയതായി അഭിഭാഷകനായ ഫൈസൽ ഗർബി പറഞ്ഞു.