തൃശ്ശൂര്‍: പടിയൂരില്‍ അമ്മയെയും മകളെയും കൊലപ്പെടുത്തിയ ശേഷം സ്ഥലംവിട്ട പ്രതി പ്രേംകുമാര്‍ ഇപ്പോഴും കാണാമറയത്ത്. കഴിഞ്ഞ ദിവസം ഇയാള്‍ക്കെതിരേ പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. മലയാളത്തിനു പുറമേ ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിലും പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഇരുവരെയും കഴുത്ത് ഞെരിച്ചാണ് കൊലപ്പെടുത്തിയതെന്ന് സ്ഥിരീകരിച്ചിരുന്നു.
പടിയൂര്‍ പഞ്ചായത്ത് ഓഫീസിനടുത്ത് വാടകയ്ക്ക് താമസിക്കുന്ന കാറളം വെള്ളാനി സ്വദേശി കൈതവളപ്പില്‍ പരേതനായ പരമേശ്വരന്റെ ഭാര്യ മണി (74), മകള്‍ രേഖ (43) എന്നിവരുടെ മൃതദേഹമാണ് ബുധനാഴ്ച ഉച്ചതിരിഞ്ഞ് അഴുകിത്തുടങ്ങിയ നിലയില്‍ വീട്ടിനുള്ളില്‍ കണ്ടെത്തിയത്. സംഭവത്തിനുശേഷം രേഖയുടെ ഭര്‍ത്താവ് കോട്ടയം കുറുച്ചി സ്വദേശി പ്രേംകുമാറിനെ പോലീസ് ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും കിട്ടിയിരുന്നില്ല.
ബുധനാഴ്ച രാത്രി ഫോറന്‍സിക് വിദഗ്ധര്‍ നടത്തിയ പരിശോധനയില്‍ പ്രേംകുമാര്‍ എഴുതിയ ഭീഷണിക്കത്തും കുറേ ചിത്രങ്ങളും കണ്ടെത്തിയിരുന്നു. ഇവള്‍ മരിക്കേണ്ടവള്‍ എന്നെഴുതിയ കുറിപ്പും കണ്ടെത്തിയിരുന്നു. കൊലപാതകമാണെന്ന നിരീക്ഷണത്തിലാണ് പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയത്.
ഇയാള്‍ 2019-ല്‍ ആദ്യഭാര്യയായ വിദ്യയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ്. ഈ കേസില്‍ 90 ദിവസത്തിനുള്ളില്‍ പോലീസിന് കുറ്റപത്രം സമര്‍പ്പിക്കാന്‍ കഴിയാതെ വന്നപ്പോള്‍ പ്രേം കുമാര്‍ ജാമ്യത്തിലിറങ്ങി.
അഞ്ചുമാസംമുന്‍പാണ് രേഖയെ വിവാഹം കഴിച്ചത്. തന്റെ ആദ്യഭാര്യ അപകടത്തില്‍ മരിച്ച് പോയതാണെന്ന് ഇയാള്‍ രേഖയോട് പറഞ്ഞത്. മാത്രവുമല്ല ഇയാള്‍ സ്വന്തം കുടുംബവുമായി യാതൊരു ബന്ധവും പുലര്‍ത്തിയിരുന്നില്ല.





