ആലപ്പുഴ: വിൽപനയ്ക്കെത്തിച്ച 13 ഗ്രാം എംഡിഎംഎയുമായി ദമ്പതികൾ പൊലീസ് പിടിയിൽ. ആലപ്പുഴ നഗരസഭ സ്റ്റേഡിയം വാർഡിൽ മഠത്തിൽപറമ്പിൽ കെ.സിയ (40), ഭാര്യ ഇരിങ്ങാലക്കുട വലിയപറമ്പിൽ വീട്ടിൽ സഞ്ചുമോൾ (39) എന്നിവരാണ് അറസ്റ്റിലായത്.
ഓപ്പറേഷൻ ഡി ഹണ്ടിന്റെ ഭാഗമായി റെയിൽവേ സ്റ്റേഷനും കെഎസ്ആർടിസി ബസ് സ്റ്റാൻഡും കേന്ദ്രീകരിച്ചുള്ള പരിശോധനയിലാണ് വൈഎംസിഎ ടൂറിസ്റ്റ് ബസ് സ്റ്റോപ്പിനു സമീപം ഇവർ കുടുങ്ങിയത്.
വിൽപനയ്ക്കായി ലഹരി വസ്തുക്കൾ കൊണ്ടുവരുന്നതായി രഹസ്യവിവരം ലഭിച്ചിരുന്നു. സിയ കുറച്ചു കാലമായി ലഹരിവസ്തുക്കളുടെ ഇടപാടിലുണ്ട്. ലഹരിക്കേസുകളും ഒട്ടേറെ അടിപിടിക്കേസുകളും ഇയാൾക്കെതിരെയുണ്ട്.
നർകോട്ടിക് സെൽ ഡിവൈഎസ്പി ബി.പങ്കജാക്ഷന്റെ നേതൃത്വത്തിലുള്ള ലഹരിവിരുദ്ധ സ്ക്വാഡും ആലപ്പുഴ ഡിവൈഎസ്പി മധു ബാബുവിന്റെ നേതൃത്വത്തിൽ സിഐ എം.കെ.രാജേഷ്, എസ്ഐമാരായ എസ്.ദേവിക, സൈമൺ ആന്റോ, സീനിയർ സിപിഒ ബിജിമോൻ, സിപിഒ മാത്യു എന്നിവരും ചേർന്നാണു പ്രതികളെ പിടികൂടിയത്. സ്കൂൾ തുറക്കുന്നതിന്റെ ഭാഗമായി ജില്ലയിലുടനീളം ലഹരിവേട്ട ശക്തമാക്കിയിട്ടുണ്ട്.





