മലപ്പുറം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ എഐസിസി സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. കഴിഞ്ഞ ദിവസം നിലമ്പൂരില്‍ വെച്ച് നടന്ന എല്‍ഡിഎഫ് കണ്‍വെന്‍ഷനില്‍ മുഖ്യമന്ത്രി ചതിയെക്കുറിച്ചാണ് സംസാരിച്ചതെന്നും ചതിയെ കുറിച്ച് പറയാന്‍ ഏറ്റവും യോഗ്യന്‍ മുഖ്യമന്ത്രിയാണെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു. ജനങ്ങള്‍ സര്‍ക്കാരിനെ വെറുത്തതിന്റെ പരിണിത ഫലമാണ് ഈ തിരഞ്ഞെടുപ്പെന്ന് കെ സി വേണുഗോപാല്‍ പറഞ്ഞു.
യുഡിഎഫ് തിരഞ്ഞെടുപ്പ് കണ്വെന്ഷന് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.മലപ്പുറം ജില്ലയെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തിയ ആളാണ് പിണറായി വിജയനെന്നും ഹിന്ദുവിന് നല്കിയ അഭിമുഖം നമ്മള് കണ്ടതാണെന്നും അദ്ദേഹം പറഞ്ഞു. ‘എല്ലാ ജില്ലയിലും സ്വര്‍ണ്ണം പിടികൂടാറുണ്ട്. മറ്റ് ജില്ലകളെ കുറിച്ച് ഒന്നും പറയാതെ മലപ്പുറത്തെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തിയ ആളാണ് മുഖ്യമന്ത്രി. പാണക്കാട് തങ്ങളെ വിമര്‍ശിക്കുന്നത് നമ്മള് കണ്ടതാണ്. രാഷ്ട്രീയ പാര്‍ട്ടിയുടെ ഭാഗമാണെങ്കിലും അത് മാത്രമാണോ പാണക്കാട് കുടുംബം’, കെ സി വേണുഗോപാല്‍ പറഞ്ഞു.
തൃശ്ശൂരില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയെ തോല്‍പ്പിച്ചതാണ് പിണറായിയുടെ രണ്ടാമത്തെ ചതിയെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു. കേരളത്തില്‍ നിന്ന് ബിജെപിക്ക് പാര്‍ലമെന്റില്‍ ഒരു അംഗത്തെ ഉണ്ടാക്കി കൊടുത്തെന്നും അതിന് വേണ്ടി തൃശ്ശൂര്‍ പൂരം കലക്കിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആശ വര്‍ക്കര്‍മാരെ അധിക്ഷേപിച്ചെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു.





