സ്വന്തം കീശയിൽ നിന്ന് പിഴ അടയ്ക്കുമെന്ന് ജഡ്ജി; പ്രവാസി കുടുംബത്തിന് ‘പുതു ജീവിതം’

0
1628

ഉമ്മുൽ ഖുവൈൻ: വീസാ കാലാവധി കഴിഞ്ഞിട്ടും യുഎഇയിൽ തങ്ങിയ അഫ്ഗാൻ കുടുംബത്തിന് ഉമ്മുൽഖുവൈൻ ഫെഡറൽ പ്രൈമറി കോടതിയിലെ ജഡ്ജി ഹുമൈദ് ഷാഹിൻ അൽ അലിയുടെ മനുഷ്യത്വപരമായ ഇടപെടലിലൂടെ പുതു ജീവിതം.

കോടതിയിൽ ഹാജരാക്കപ്പെട്ട കുടുംബത്തിലെ ഗൃഹനാഥനോട് കാര്യങ്ങൾ ചോദിച്ചറിഞ്ഞ ശേഷം, അറബ് വസ്ത്രം ധരിച്ച് ദുഃഖിതനായി നിന്ന കുട്ടിയെ ജഡ്ജി അരികിൽ വിളിച്ചു. “മോന്റെ പേരെന്താണ്?” എന്ന ചോദ്യത്തിന് കുട്ടി “സായിദ്” എന്ന് മറുപടി നൽകി.

ഈ സമയം യുഎഇയുടെ രാഷ്ട്രപിതാവായ ഷെയ്ഖ് സായിദിന്റെ ഓർമ ജഡ്ജിയുടെ മനസ്സിൽ മിന്നിമറഞ്ഞു. നിയമത്തിന്റെ നൂലാമാലകൾക്കപ്പുറം ആ മനുഷ്യന്റെ വേദനയും ആത്മാർഥതയും അദ്ദേഹം തിരിച്ചറിഞ്ഞു. ഉടൻതന്നെ തന്റെ കഴുത്തിലുണ്ടായിരുന്ന യുഎഇ ദേശീയ പതാകയുടെ ചിത്രം പതിച്ച സ്കാർഫ് ജഡ്ജി കുഞ്ഞു സായിദിന്റെ തോളത്തിട്ടു. തുടർന്ന് ആ കുടുംബത്തിന് അടയ്ക്കേണ്ടിയിരുന്ന 60,000 ദിർഹം പിഴ താൻ അടയ്ക്കുമെന്നും കേസ് പിൻവലിക്കണമെന്നും അദ്ദേഹം പൊലീസിന് നിർദ്ദേശം നൽകി.

കഴിഞ്ഞ വർഷം റമസാനിൽ നടന്ന ഈ സംഭവം ജഡ്ജിയുടെ ഹൃദയത്തിൽ നിന്ന് മായാതെ നിന്നു. ഈ മാനുഷികമായ തീരുമാനമെടുത്ത ജഡ്ജിയെ അടുത്തിടെ യുഎഇ ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ പൊതുവേദിയിൽ അഭിനന്ദിച്ചു. സായിദ് ഹ്യുമാനിറ്റേറിയൻ ഡേ ആഘോഷങ്ങളുടെ ഭാഗമായുള്ള ചടങ്ങിലായിരുന്നു ഇത്. 

∙ അഞ്ച് വർഷമായി താമസ രേഖകൾ പുതുക്കിയില്ല
രാവിലെ കോടതി സമ്മേളിച്ചപ്പോൾ താമസ-കുടിയേറ്റ നിയമം ലംഘിച്ച അഫ്ഗാൻ കുടുംബത്തിന്റെ കേസ് ജഡ്ജിയുടെ ശ്രദ്ധയിൽപ്പെട്ടു. ഭർത്താവും ഭാര്യയും നാല് മക്കളുമടങ്ങുന്ന കുടുംബം അഞ്ച് വർഷമായി താമസ രേഖകൾ പുതുക്കാതെ യുഎഇയിൽ താമസിക്കുകയായിരുന്നു. ഇതിനോടകം 60,000 ദിർഹം പിഴയടക്കേണ്ടിയിരുന്നു. ഇതൊരു സാധാരണ കേസ് അല്ലെന്നും ഇതിൽ മാനുഷികമായ വശമുണ്ടെന്നും ജഡ്ജിക്ക് തോന്നി.

എന്തുകൊണ്ടാണ് നിയമം ലംഘിച്ച് രാജ്യത്ത് തങ്ങിയതെന്ന് ജഡ്ജി കുടുംബനാഥനോട് ചോദിച്ചു. അപ്പോൾ അദ്ദേഹം പറഞ്ഞത് തന്റെ എമിറാത്തി സ്പോൺസറിന് കാൻസർ ബാധിച്ചതിനെ തുടർന്ന് അദ്ദേഹത്തെ ആശുപത്രിയിൽ പരിചരിക്കുകയായിരുന്നുവെന്നും അദ്ദേഹം മരിക്കുന്നതുവരെ കൂടെ നിൽക്കേണ്ടിവന്നതിനാലാണ് മറ്റെല്ലാ കാര്യങ്ങളും മറന്നുപോയതെന്നുമാണ്. അതിനുശേഷമാണ് ജഡ്ജി കുഞ്ഞു സായിദിനെ കാണുന്നതും സ്കാർഫ് അണിയിക്കുന്നതും.

∙ “സായിദ് പിഴ അടയ്ക്കേണ്ട. സായിദിനെ ആദരിക്കണം” 
“സായിദ് പിഴ അടയ്ക്കേണ്ട. സായിദിനെ ആദരിക്കണം,” ജഡ്ജി ഉത്തരവിട്ടു. ഉടൻതന്നെ പിഴ റദ്ദാക്കി. പുതിയ വീസയ്ക്കുള്ള എല്ലാ നടപടിക്രമങ്ങളും മണിക്കൂറുകൾക്കുള്ളിൽ പൂർത്തിയാക്കി, ആ കുടുംബത്തെ നിയമപരമായി സുരക്ഷിതമാക്കി യാത്രയാക്കി. ഇതിന്റെയെല്ലാം ചിലവുകൾ ജഡ്ജി സ്വന്തം കയ്യിൽ നിന്നാണ് വഹിച്ചത്. പിന്നീട് ഈ സംഭവം പ്രസിഡന്റിന്റെ ശ്രദ്ധയിൽപ്പെട്ടപ്പോൾ അദ്ദേഹം പൊതു ചടങ്ങിൽ ജഡ്ജിയെ ആദരിക്കുകയായിരുന്നു.

“ഇതാണ് നമ്മൾ മനുഷ്യരെയും സായിദിന്റെ പേരിനെയും ആദരിക്കുന്ന വഴി” എന്ന് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് ജഡ്ജിയോട് പറഞ്ഞു. ഈ വിഷയത്തിൽ താൻ ഒറ്റക്കല്ലെന്നും പിതാവായ ഷെയ്ഖ് സായിദിന്റെ പാരമ്പര്യം പിന്തുടർന്നാണ് താൻ ഈ തീരുമാനമെടുത്തതെന്നും രാജ്യത്തിന്റെ അടിസ്ഥാനം തന്നെ ഈ മനുഷ്യത്വമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.