സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് ഫറോക് സ്വദേശി അബ്ദുറഹീമിന്റെ മോചന ഹർജി റിയാദിലെ കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ഇന്ത്യൻ സമയം രാവിലെ 11:30-നാണ് കേസ് പരിഗണിക്കുക. ഇത് 13-ആം തവണയാണ് ഹർജി പരിഗണിക്കുന്നത്. വധശിക്ഷ കോടതി നേരത്തെ റദ്ദാക്കിയെങ്കിലും മോചന ഉത്തരവ് വൈകുകയാണ്.
സൗദി ബാലന് കൊല്ലപ്പെട്ട കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട അബ്ദുറഹീമിന്റെ വധശിക്ഷ കഴിഞ്ഞ വര്‍ഷം ജൂലൈ രണ്ടിന് കോടതി റദ്ദാക്കിയിരുന്നു. 34 കോടി രൂപ ദയാധനം സ്വീകരിച്ച് സൗദി കുടുംബം മാപ്പ് നൽകിയതോടെ കഴിഞ്ഞ ജൂലായ് രണ്ടിന് റഹീമിന്റെ വധശിക്ഷ റദ്ദാക്കിയിരുന്നു. തടവ് അടക്കമുള്ള ശിക്ഷകളിലും ഇളവ് ലഭിച്ചാൽ മാത്രമേ റഹീം ജയിൽ മോചിതനാകൂ. സൗദി ബാലൻ അനസ് കൊല്ലപ്പെട്ട കേസിൽ 18 വർഷമായി ജയിലിൽ കഴിയുകയാണ് അബ്ദുൽ റഹീം.
2006 ഡിസംബർ 24നാണ് അബ്ദുറഹീമിന്റെ കൂടെ ജി.എം.സി വാനിൽ യാത്ര ചെയ്യുകയായിരുന്ന അനസ് മരിച്ചത്. ഷോപ്പിംഗിനായി പുറത്തു പോകുമ്പോൾ ട്രാഫിക് സിഗ്നൽ കട്ട് ചെയ്യാൻ ആവശ്യപ്പെട്ട് അനസ് റഹീമിനോട് വഴക്കിട്ടു. ഇത് അനുസരിക്കാതിരുന്ന അബ്ദുറഹീമിന്റെ മുഖത്ത് അനസ് പല തവണ തുപ്പി. ഇത് തടയാൻ ശ്രമിച്ചപ്പോൾ അബദ്ധത്തിൽ കൈ കഴുത്തിലെ ഉപകരണത്തിൽ തട്ടുകയും അനസ് ബോധരഹിതനാകുകയും മരിക്കുകയുമായിരുന്നു.





