കൂടെചെന്നില്ല, 17-കാരിയെ പെട്രോളൊഴിച്ച് കത്തിച്ചു കൊന്നു; പ്രതിയ്ക്ക് ജീവപര്യന്തം കഠിനതടവ്

പത്തനംതിട്ട: പത്തനംതിട്ട കടമ്മനിട്ടയില്‍ 17-കാരിയെ പെട്രോള്‍ ഒഴിച്ച് തീകൊളുത്തി കൊന്ന കേസില്‍ പ്രതി സജിലിന് ജീവപര്യന്തം തടവും രണ്ടു ലക്ഷം രൂപ പഴിയും. പത്തനംതിട്ട അഡീഷണല്‍ സെഷന്‍സ് കോടതിയുടേതാണ് വിധി.

ശാരികയുടെ മുന്‍ സുഹൃത്ത് കൂടിയായ സജില്‍ കുറ്റക്കാരനെന്ന് കോടതി കഴിഞ്ഞ ദിവസം വിധിച്ചിരുന്നു. പ്രതിക്ക് പരമാവധി ശിക്ഷ നല്‍കണമെന്നാണ് പ്രോസിക്യൂഷന്‍ വാദിച്ചിരുന്നു.

ശാരികയോട് പ്രതി നിരന്തരം പ്രണയാഭ്യര്‍ഥന നടത്തിയിരുന്നു. ഇയാളുടെ ശല്യം സഹിക്കാനാകാതെ വന്നപ്പോള്‍ ശാരിക ബന്ധുവീട്ടിലേക്ക് മാറി.

2017 ജൂലൈ 14ന് പ്രതി അവിടെയെത്തി തനിക്കൊപ്പം ഇറങ്ങിവരണമെന്ന് നിര്‍ബന്ധിച്ചു. ഇതിന് വഴങ്ങാതെ വന്നപ്പോഴായിരുന്നു ആക്രമണം. കയ്യില്‍ കരുതിയിരുന്ന പെട്രോള്‍ ശാരികയുടെ ശരീരത്തില്‍ ഒഴിച്ച് തീകൊളുത്തി.

ഗുരുതരമായി പരിക്കേറ്റ ശാരികയെ ആദ്യം പത്തനംതിട്ട ജനറല്‍ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലുമെത്തിച്ചു. വിദഗ്ധ ചികിത്സയ്ക്കായി പിന്നീട് ഹെലികോപ്റ്റര്‍ മാര്‍ഗം കോയമ്പത്തൂരിലെ ആശുപത്രിയിലേക്ക് മാറ്റി. കോയമ്പത്തൂരില്‍ ചികിത്സയിലിരിക്കെ ജൂലൈ 22 ന് ശാരിക മരിച്ചു. മരണമൊഴിയും പ്രതിക്ക് ശരീരത്തിലേറ്റ പൊള്ളലും പ്രധാന തെളിവായി പ്രോസിക്യൂഷന്‍ കോടതിയില്‍ അവതരിപ്പിച്ചു. ശാരികയുടെ മുത്തച്ഛന്‍ സംഭവത്തിന് സാക്ഷിയായിരുന്നു. എന്നാല്‍ കേസിലെ വിചാരണ തുടങ്ങും മുന്‍പ് അദ്ദേഹം മരിച്ചു.