ബ്രസൽസ്: ഏറ്റവും കൂടുതൽ ഷെങ്കൻ വിസ നിരസിക്കപ്പെട്ട രാജ്യങ്ങളിൽ ഇന്ത്യ മൂന്നാമത്. 2024ൽ 1.65 ലക്ഷം ഇന്ത്യക്കാരുടെ അപേക്ഷകൾ നിരസിക്കപ്പെട്ടു. ഇതോടെ 136 കോടിയുടെ നഷ്ടമുണ്ടായി. യൂറോപ്യൻ കമ്മീഷന്റെ കണക്ക് അനുസരിച്ച് നിരസിക്കപ്പെട്ടത് 15 ശതമാനം അപേക്ഷകൾ ആണ്. ഫ്രാൻസാണ് കൂടുതൽ അപേക്ഷകൾ നിരസിച്ചത്. ഏറ്റവും കൂടുതൽ അപേക്ഷകൾ നിരസിക്കപ്പെട്ടത് അൾജീരിയ, തുർക്കി എന്നീ രാജ്യങ്ങളിൽ നിന്നുള്ളവരുടേതാണ്.
കോണ്ടെ നാസ്റ്റിന്റെ റിപ്പോർട്ട് അനുസരിച്ച് ഇന്ത്യയിൽ നിന്ന് കഴിഞ്ഞ വർഷം സമർപ്പിച്ചതിൽ 5.91 ലക്ഷം അപേക്ഷകൾ അംഗീകരിക്കുകയും 1.65 ലക്ഷം അപേക്ഷകൾ നിരസിക്കുകയും ചെയ്തു. 2024ൽ ആകെ നിരസിക്കപ്പെട്ട ഷെങ്കൻ വിസ അപേക്ഷകളുടെ എണ്ണം 17 ലക്ഷം കവിഞ്ഞു. ഫീസ് ഇനത്തിൽ 1410 കോടി രൂപയാണ് ലഭിച്ചത്. അതിൽ 136.6 കോടി രൂപ ഇന്ത്യക്കാരുടേതാണ്. അപേക്ഷ തള്ളിയാലും ഫീസ് തിരിച്ചു നൽകാത്തതിനാലാണ് ഇത്രയും ഭീമമായ തുക വന്നത്.
ഇന്ത്യൻ വിസകളിൽ ഭൂരിഭാഗവും നിരസിച്ചത് ഫ്രാൻസാണ്. 31,314 അപേക്ഷകൾ. ഇതിനുപുറമെ സ്വിറ്റ്സർലൻഡ് 26,126 അപേക്ഷകളും ജർമ്മനി 15,806ഉം സ്പെയിൻ 15,150ഉം നെതർലാൻഡ്സ് 14,569 അപേക്ഷകളും നിരസിച്ചു.





