റിയാദ്: സഊദി പൗരന്മാർക്കിടയിലെ മൊത്തം തൊഴിലില്ലായ്മ നിരക്ക് (15 വയസും അതിൽ കൂടുതലുമുള്ള പുരുഷന്മാരും സ്ത്രീകളും) 2021 ന്റെ രണ്ടാം പാദത്തിൽ 11.3 ശതമാനമായി കുറഞ്ഞുവെന്ന് കണക്കുകൾ. 2021 ലെ ആദ്യ പാദത്തിൽ 11.7 ശതമാനമായിരുന്നു. പുതിയ തൊഴിലില്ലായ്മ നിരക്ക് കഴിഞ്ഞ 10 വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലെത്തിയതായാണ് കണക്കുകൾ.
കൂടാതെ, ഏറ്റവും പുതിയ ലേബർ ഫോഴ്സ് സർവേ പ്രകാരം 2021-ന്റെ രണ്ടാം പാദത്തിൽ സ്വദേശികളും വിദേശികളുമായ 15 വയസ്സും അതിനുമുകളിലും പ്രായമുള്ളവരിൽ തൊഴിലില്ലായ്മ നിരക്ക് 6.6 ശതമാനമായി കുറഞ്ഞിട്ടുണ്ട്. 2020 ലെ രണ്ടാം പാദത്തിൽ തൊഴിലില്ലായ്മ നിരക്ക് 9 ശതമാനമായിരുന്നു. ഇതിൽ നിന്നാണ് 6.6 ശതമാനമായി കുറഞ്ഞത്.
2021 രണ്ടാം പാദത്തിൽ സഊദി പുരുഷന്മാരുടെ തൊഴിലില്ലായ്മ നിരക്ക് 6.1 ആയും കുറഞ്ഞു. ആദ്യ പാദത്തിൽ ഇത് 7.2 ശതമാനം ആയിരുന്നു. രണ്ടാം പാദത്തിൽ സ്ത്രീ പൗരന്മാർക്കുള്ള തൊഴിലില്ലായ്മ നിരക്ക് 22.3 ശതമാനത്തിൽ എത്തി. മുൻ പാദത്തിൽ ഇത് 21.2 ശതമാനം ആയിരുന്നു.
“ലേബർ മാർക്കറ്റ് സ്റ്റാറ്റിസ്റ്റിക്സ് Q2, 2021” പുറത്തുവിട്ടപ്പോൾ ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്സ് (GASTAT) ആണ് ഈ പുതിയ കണക്കുകൾ വെളിപ്പെടുത്തിയത്.





