കുഞ്ഞുമോളെ അവസാനമായി കണ്ടില്ല, കുഞ്ഞിക്കവിളില്‍ മുത്തിയില്ല; പേവിഷബാധയേറ്റ് മരിച്ച നിയ ഫൈസലിനെ ഖബറടക്കി, ഉമ്മ ക്വാറന്റൈനില്‍ 

0
1266

കൊല്ലം: അവസാനമായി കുഞ്ഞുമോളുടെ മുഖം ഒന്നു കാണാതെ, ആ കുഞ്ഞിക്കവിളില്‍ മുത്താതെ നിയ ഫൈസല്‍ എന്ന ഏഴുവസ്സുകാരിക്ക് നാടും വീടും യാത്രാമൊഴിചൊല്ലി. പേവിഷബാധയേറ്റ് മരിച്ച കൊല്ലത്തെ നിയ ഫൈസലിനെ പുനലൂരിലെ ആലഞ്ചേരി മുസ്‌ലിം ജമാഅത്ത് പള്ളിയിലാണ് ഖബറടക്കിയത്. പൊതുദര്‍ശനത്തിന് പോലും വെക്കാതെ തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ നിന്ന് നേരെ ഖബറടക്കാന്‍ കൊണ്ടു വരികയായിരുന്നു.  പിന്നാലെ കുട്ടിയുടെ മാതാവിനെ ക്വാറന്റൈനിലാക്കുകയും ചെയ്തു.

ഇന്ന് പുലര്‍ച്ചെ 3.30 ഓടെയാണ് തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ അതീവഗുരുതരാവസ്ഥയിലായിരുന്ന ഏഴുവയസുകാരി മരിച്ചത്. കഴിഞ്ഞ മാസം എട്ടിനാണ് വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ നായ കടിച്ചത്. താറവിനെ ആക്രമിക്കാന്‍ വന്ന തൊരുവു നായയില്‍ നിന്നും താറാവിനെ രക്ഷിക്കാന്‍ ഓടിയപ്പോളായിരുന്നു നായ കുട്ടിയെ കടിച്ചത്. കൈമുട്ടില്‍ കടിയേറ്റ കുട്ടിക്ക് ഉടന്‍തന്നെ വീടിനു സമീപമുള്ള വിളക്കുടി പ്രഥമികാരോഗ്യകേന്ദ്രത്തില്‍ വച്ച് പ്രതിരോധ കുത്തിവയ്പ്പ് എടുത്തിരുന്നു.

നല്ല ആഴത്തിലുള്ള മുറിവുണ്ടായിരുന്നു കുഞ്ഞിനെന്ന് മാതാവ് പറയുന്നു. അപ്പോള്‍ തന്നെ കാരസോപ്പുപയോഗിച്ച് മുറിവ് കഴുകി കുഞ്ഞിനെ ആശുപത്രിയില്‍ കൊണ്ടുപോവുകയും വാക്സിന്‍ എടുക്കുകയും ചെയ്തിരുന്നു. ഏപ്രില്‍ 11,15 തിയ്യതികളിലായി രണ്ടും മൂന്നും ഡോസുള്ള കുത്തിവയപ്പും എടുത്തിരുന്നു. അവസാന ഡോസ് കുത്തിവയ്പ്പ് മെയ് ആറിന് എടുക്കാന്‍ ഇരിക്കെയായിരുന്നു കുട്ടിക്ക് പനി ബാധിച്ചത്. തുടര്‍ന്ന് ആദ്യം പുനലൂര്‍ താലൂക്ക് ആശുപത്രിയിലും പിന്നീട് എസ്എടിയിലും പ്രവേശിപ്പിക്കുകയായിരുന്നു. കുട്ടിയെ കടിച്ച തെരുവുനായയെ തൊട്ടടുത്ത ദിവസം സമീപത്തെ വയലില്‍ ചത്ത നിലയില്‍ കണ്ടെത്തിയിരുന്നുവെന്നും രക്ഷിതാക്കള്‍ പറയുന്നു.

കഴിഞ്ഞ ഒരു മാസത്തിനിടെ സംസ്ഥാനത്ത് പേവിഷബാധയേറ്റ് മരിച്ചത് മൂന്നു കുട്ടികളാണ് മരണത്തിന് കീഴടങ്ങിയത്.