ചെന്നൈയിൽ വോട്ട് ചെയ്ത് ദുൽഖർ സൽമാൻ

കൊച്ചി: തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ ചെന്നൈയിൽ വോട്ട് രേഖപ്പെടുത്തി നടൻ ദുൽഖർ സൽമാൻ. ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് വോട്ട് ചെയ്ത വിവരം നടൻ ആരാധകരോട് പങ്കുവച്ചത്.

ഇതിനു പിന്നാലെ, ദുൽഖർ കേരളത്തെ ഉപേക്ഷിച്ചോ എന്നായി സോഷ്യൽ മീഡിയയിലെ ചർച്ച. ഇത്തരത്തിലുള്ള പോസ്റ്റുകൾ എക്സ് പോലുള്ള പ്ലാറ്റ്‌ഫോമുകളിൽ പ്രചരിക്കുന്നുണ്ട്.

വർഷങ്ങളായി ചെന്നൈയിൽ സ്ഥിരതാമസമാണ് ദുൽഖർ സൽമാൻ. അതുകൊണ്ട് തന്നെ അവിടെയാണ് വോട്ടുള്ളത്. നടൻ അന്യഭാഷാ ചിത്രങ്ങളിൽ സജീവമായെന്നും മലയാള സിനിമയേയും കേരളത്തേയും ഉപേക്ഷിച്ചെന്നുമാണ് ചിലർ സോഷ്യൽ മീഡിയയിൽ കുറിക്കുന്നത്. ‘ദുൽഖർ ഒരു മല്ലു തമിഴൻ’ ആണെന്നായിരുന്നു ഒരു എക്സ് പോസ്റ്റ്. അതുകൊണ്ടാണ് കേരളത്തിലെ വോട്ടർ പട്ടികയിൽ പേരില്ലാത്തതെന്നാണ് ഈ എക്സ് ഉപയോക്താവിന്റെ കണ്ടെത്തൽ.

2023ൽ റിലീസ് ആയ ‘കിംഗ് ഓഫ് കൊത്ത’യാണ് ദുൽഖർ സൽമാൻ അഭിനയിച്ച അവസാന മലയാളം ചിത്രം. വമ്പൻ ബജറ്റിലെത്തിയ ചിത്രത്തിന് വലിയ കളക്ഷൻ നേടിയെടുക്കാൻ സാധിച്ചിരുന്നില്ല. ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫെറർ ഫിലിംസ് ആയിരുന്നു ഈ ചിത്രത്തിന്റെ നിർമാതാക്കൾ. എന്നാൽ, ഇതിനു പിന്നാലെ ദുൽഖർ അഭിനയിച്ച തെലുങ്ക് ചിത്രം ‘ലക്കി ഭാസ്‌കർ’ ഗംഭീര വിജയമാണ് സ്വന്തമാക്കിയത്.

‘ആർഡിഎക്സി’ന് ശേഷം നഹാസ് ഹിദായത് സംവിധാനം ചെയ്യുന്ന ‘ഐ ആം ഗെയിം’ ആണ് ദുൽഖറിന്റെ അടുത്ത മലയാളം ചിത്രം. ചെറിയ ഒരു ഇടവേളയ്ക്ക് ശേഷം ദുൽഖർ അഭിനയിക്കുന്ന മലയാളം സിനിമയെന്ന നിലയിൽ വലിയ പ്രതീക്ഷയിലാണ് ആരാധകർ.

ദുൽഖർ സൽമാൻ ഇൻസ്റ്റഗ്രാം സ്റ്റോറി
ദുൽഖർ സൽമാന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ചിത്രമായാണ് ‘ഐ ആം ഗെയിം’ ഒരുങ്ങുന്നത്. 2026 ഓണം റിലീസായി സിനിമ ആഗോള തലത്തിൽ തിയേറ്ററുകളിലെത്തും. വേഫെറർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ സൽമാൻ, ജോം വർഗീസ് എന്നിവർ ചേർന്ന് നിർമിക്കുന്ന ചിത്രം രചിച്ചത് സജീർ ബാബ, ഇസ്മായിൽ അബൂബക്കർ, ബിലാൽ മൊയ്തു എന്നിവർ ചേർന്നാണ്. ചിത്രത്തിന്റെ സംഭാഷണങ്ങൾ ഒരുക്കിയത് ആദർശ് സുകുമാരനും ഷഹബാസ് റഷീദുമാണ്.