ന്യൂഡല്‍ഹി: പ്രതിരോധരംഗത്ത് മറ്റൊരു നാഴികകല്ല് കൂടി പിന്നിട്ടിരിക്കുകയാണ് ഇന്ത്യ. അപൂര്‍വം ചില രാജ്യങ്ങള്‍ക്ക് മാത്രം സ്വന്തമായ സ്ട്രാറ്റോസ്‌ഫെറിക് എയര്‍ഷിപ്പ് സാങ്കേതികവിദ്യ സ്വന്തമായി വികസിപ്പിച്ചിരിക്കുകയാണ് ഇന്ത്യ. പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡിആര്‍ഡിഒയുടെ ഉപസ്ഥാപനമായ ഏരിയല്‍ ഡെലിവറി റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് എസ്റ്റാബ്ലിഷ്‌മെന്റ് (എഡിആര്‍ഡിഇ) ആണ് ഈ സാങ്കേതിക വിദ്യ വികസിപ്പിച്ചത്.
മധ്യപ്രദേശിലെ ഷിയോപുരില്‍ വെച്ചാണ് ഇതിന്റെ പരീക്ഷണം നടന്നത്. മെയ് മൂന്നിന് നടന്ന പരീക്ഷണത്തില്‍ ഭൗമോപരിതലത്തില്‍ നിന്ന് 17 കിലോമീറ്ററോളം ഉയരത്തില്‍ അന്തരീക്ഷത്തിന്റെ ഏറ്റവും ഉയര്‍ന്ന പാളിയായ സ്ട്രാറ്റോസ്ഫിയറിലേക്ക് ഇതിനെത്താനായി. പരീക്ഷണം 62 മിനിറ്റോളം നീണ്ടുനിന്നു.
പരീക്ഷണം വിജയകരമായിരുന്നുവെന്നും ഇതില്‍ സ്ഥാപിച്ചിരുന്ന സെന്‍സറുകളില്‍ നിന്ന് കിട്ടുന്ന വിവരങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനായി ഉപയോഗപ്പെടുമെന്നും ഗവേഷകര്‍ അറിയിച്ചു. പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് സ്ട്രാറ്റോസ്‌ഫെറിക് എയര്‍ഷിപ്പ് പ്ലാറ്റ്‌ഫോം വികസിപ്പിക്കുന്നതിന് പിന്നില്‍ പ്രവര്‍ത്തിച്ച ഗവേഷകരെ അഭിനന്ദിച്ചു.
ഭാവിയില്‍ കൂടുതല്‍ ഉയരത്തില്‍ പ്രവര്‍ത്തിക്കുന്ന എയര്‍ഷിപ്പ് മോഡലുകള്‍ വികസിപ്പിക്കുന്നതിന് ഈ പരീക്ഷണവിജയം നിര്‍ണായക പങ്കുവഹിക്കും. ചെലവു കുറഞ്ഞ ഭൗമ നിരീക്ഷണം, വിവര ശേഖരണം, നിരീക്ഷണം, പ്രതിരോധ നടപടികള്‍ സ്വീകരിക്കല്‍ തുടങ്ങിയവയ്ക്കായാണ് ഇത്തരം എയര്‍ഷിപ്പുകള്‍ ഉപയോഗിക്കുക. നിലവില്‍ അമേരിക്ക, ചൈന, റഷ്യ തുടങ്ങിയ രാജ്യങ്ങള്‍ ഇത്തരം സംവിധാനങ്ങള്‍ ഉപയോഗിക്കുന്നുണ്ട്. അതിര്‍ത്തി നീരീക്ഷണത്തിനും മറ്റുരാജ്യങ്ങളില്‍ ചാരപ്രവര്‍ത്തനം നടത്താനുമൊക്കെ എയര്‍ഷിപ്പുകള്‍ ഉപയോഗിക്കാറുണ്ട്. വളരെ ഉയരത്തില്‍ പറക്കുന്നതുകൊണ്ട് പലപ്പോഴും ഇവ ശ്രദ്ധിക്കപ്പെടുകയില്ല.





