മക്ക: മക്കയിൽ പ്രവേശിക്കുന്നതിനും മക്കയിൽ തങ്ങുന്നതിനുമുള്ള വിലക്ക് പ്രാബല്യത്തിൽ വന്നതോടെ ഹറമിൽ തിരക്കൊഴിഞ്ഞു. ഹജ് സർവീസുകൾക്ക് ഇന്നു മുതൽ തുടക്കമായെങ്കിലും വളരെ കുറച്ച് തീർഥാടകർ മാത്രമാണ് മക്കയിലെത്തിയിരിക്കുന്നത്. പതിവ് തിരക്കൊഴിഞ്ഞ ഹറമിൽ നിന്നുള്ള ദൃശ്യങ്ങൾ അടങ്ങിയ വീഡിയോകൾ സാമൂഹികമാധ്യമങ്ങളും ടി.വി ചാനലുകളും പുറത്തുവിട്ടു. ഇത്തവണത്തെ ഹജ് ക്രമീകരണങ്ങളുടെ ഭാഗമായി, ഉംറ വിസകളിൽ സൗദിയിലെത്തിയവർ രാജ്യം വിടേണ്ട അവസാന ദിവസം ഇന്നായിരുന്നു.
ഇന്ന് രാജ്യം വിടാതെ അനധികൃതമായി സൗദിയിൽ തങ്ങുന്ന ഉംറ തീർഥാടകർക്ക് 50,000 റിയാൽ വരെ പിഴയും ആറു മാസം വരെ തടവും നാടുകടത്തലും ശിക്ഷ ലഭിക്കും. ഹജ് വിസ ലഭിച്ചവർ ഒഴികെ ഏതുതരം വിസകളും കൈവശമുള്ള വിദേശികളെ ഇന്നു മുതൽ ഹജ് പൂർത്തിയാകുന്നതു വരെയുള്ള കാലത്ത് മക്കയിൽ പ്രവേശിക്കാനും മക്കയിൽ തങ്ങാനും അനുവദിക്കില്ല.
സ്വദേശികളും വിദേശികളും അടക്കം സൗദിയിലെ നിവാസികൾക്കും ഗൾഫ് പൗരന്മാർക്കും മറ്റു വിസകളിൽ സൗദിയിൽ കഴിയുന്നവർക്കും ഇന്നു മുതൽ ജൂൺ പത്തു വരെയുള്ള ദിവസങ്ങളിൽ നുസുക് പ്ലാറ്റ്ഫോം വഴി ഉംറ പെർമിറ്റുകൾ അനുവദിക്കുന്നതും നിർത്തിവെച്ചിട്ടുണ്ട്.





