ദമാം: ദമാമില്‍ കഴിഞ്ഞ ദിവസങ്ങളില്‍ മരണപ്പെട്ട രണ്ട് പ്രവാസി മലയാളികളായ കോഴിക്കോട് സ്വദേശി പുതിയ പന്തക്കലകത്ത് അബ്ദുല്‍ റസാഖ്, കണ്ണൂര്‍ ചെക്കിക്കുളം സ്വദേശി അബ്ബാസ് എന്നിവരുടെ മയ്യിത്തുകള്‍ ഇന്ന് ഖബറടക്കും. അല്‍ കോബാര്‍ ഇസ്കാന്‍ പാര്‍ക്കിലെ കിങ് ഫഹദ് ഗ്രാന്റ് മസ്ജിദില്‍ മഗ്രിബ് നമസ്ക്കാരന്തരം നടക്കുന്ന മയ്യിത്ത് നമസ്ക്കാരാനന്തരം തുക്ബ ഖബര്‍സ്ഥാനിലായിരിക്കും മറവ് ചെയ്യുക. മയ്യിത്ത് കാണാന്‍ ആഗ്രഹിക്കുന്നവര്‍ വൈകിട്ട് അഞ്ച് മണിക്ക് കിങ് ഫഹദ് ഗ്രാന്റ് മസ്ജിദിലെത്തേണ്ടതാണ്.
നിര്‍മ്മാണം നടന്ന് കൊണ്ടിരിക്കുന്ന കെട്ടിടത്തില്‍ നിന്നും അബദ്ധത്തില്‍ വഴുതി വീണാണ് കോഴിക്കോട് സ്വദേശി പുതിയ പന്തക്കലകത്ത് അബ്ദുല്‍ റസാഖ് കഴിഞ്ഞ വ്യാഴാഴ്ച്ച മരണപ്പെട്ടത്. കഴിഞ്ഞ വെള്ളിയാഴ്ച്ച ദമാമിലെ താമസ സ്ഥലത്ത് വെച്ചുണ്ടായ ഹ്യദയാഘാതം മൂലമാണ് കണ്ണൂര്‍ ചെക്കിക്കുളം സ്വദേശി അബ്ബാസ് മരിച്ചത്. ഇരുവരുടേയും മയ്യിത്ത് ഖബറടക്കുന്നതിനുള്ള നിയമ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതിന് ലോക കേരള സഭാംഗവും സാമൂഹ്യ പ്രവര്‍ത്തകനുമായ നാസ് വക്കം സഹായത്തിനുണ്ടായിരുന്നു.





