കൊവിഡിൽ ആശ്വാസ വാർത്ത; ഭീതി അകലുന്നു, ആഗോള തലത്തിൽ വൈറസ് കുറയുന്നത് സ്ഥിരീകരിച്ച് ലോകാരോഗ്യ സംഘടന

0
1784

യു എൻ: ലോകത്തെ മുൾമുനയിൽ നിർത്തുകയും ആകെ പിടിച്ചുലക്കുകയും ചെയ്ത കൊവിഡ് 19 മഹാമാരിയിൽ നിന്ന് ലോകം മുക്തമാകുന്നതായി കണക്കുകൾ. ലോകമെമ്പാടുമുള്ള കൊറോണ വൈറസ് അണുബാധ കേസുകൾ വിവിധ നിരക്കുകളിൽ കുറഞ്ഞുവെന്നും കഴിഞ്ഞ ആഴ്ചയിൽ മരണനിരക്ക് കുറഞ്ഞുവെന്നും സ്ഥിരീകരിച്ച് ലോകാരോഗ്യ സംഘടന രംഗത്തെത്തി. വൈറസ് മഹാമാരി ഭീഷണിയിൽ നിന്ന് ആശ്വാസത്തിന്റെ തീരത്തേക്ക് ലോകം നീങ്ങുന്നതായാണ് പുതിയ കണക്കുകൾ വെളിപ്പെടുത്തുന്നത്.

കൊവിഡ് കേസുകളിൽ മിഡിൽ ഈസ്റ്റിൽ 22 ശതമാനം കുറവ് രേഖപ്പെടുത്തിയതായി ഏറ്റവും പുതിയ പകർച്ചവ്യാധി റിപ്പോർട്ടിൽ ലോകാരോഗ്യ സംഘടന വെളിപ്പെടുത്തി. ദക്ഷിണേഷ്യ 16 ശതമാനവും കിഴക്കൻ ഏഷ്യ 11 ശതമാനവും അണുബാധകളുടെ എണ്ണത്തിൽ ഗണ്യമായ കുറവ് രേഖപ്പെടുത്തി. അതേസമയം, യൂറോപ്പും അമേരിക്കയും ഇപ്പോഴും ആഴ്ച്ച തോറുമുള്ള കണക്കുകൾ ഒരു ദശലക്ഷം കവിഞ്ഞ നിലയിൽ തന്നെയാണ്.

മുൻ ആഴ്‌ചയുമായി താരതമ്യപ്പെടുത്തുമ്പോൾ ആഫ്രിക്കൻ മേഖലയിൽ കേസുകളുടെ എണ്ണം 4 ശതമാനം വർദ്ധിപ്പിച്ചുവെന്നും കഴിഞ്ഞ ആഴ്ചയിലെ ആഗോള കൊവിഡ് കേസുകളുടെ എണ്ണം 3.6 ദശലക്ഷമാണെന്നും മരണസംഖ്യ 59,000 ൽ എത്തിയെന്നും ഡബ്ലിയു എച്ച് ഒ അറിയിച്ചു.

 

അതേസമയം, ഡെൽറ്റ വകഭേദത്തിനെതിരെയുള്ള മുന്നറിയിപ്പ് ലോകാരോഗ്യ സംഘടന വീണ്ടും ആവർത്തിച്ചു. ഇത് ലോകമെമ്പാടും വ്യാപിക്കുകയും ഏതാണ്ട് 90 ശതമാനം ബാധിക്കുകയും ചെയ്തു. മറ്റ് വകഭേദങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ ഇത് അതിവേഗം പടരുന്നുവെന്നും സംഘടന ചൂണ്ടിക്കാട്ടി.