കെഎംസിസി രക്ത ദാന ക്യാമ്പ് ശ്രദ്ധേയമായി

ജിദ്ദ: സഊദി അറേബ്യയുടെ തൊണ്ണൂറ്റി ഒന്നാമത് ദേശിയ ദിനത്തോടനുബന്ധിച്ച്, “അന്നം നൽകുന്ന രാജ്യത്തിന് ജീവ രക്തം” എന്ന പേരിൽ ജിദ്ദ കെ എം സി സി സെൻട്രൽ കമ്മറ്റി സംഘടിപ്പിച്ച രക്തധാന ക്യാമ്പ് ശ്രദ്ധേയമായി. ജിദ്ദയിലെ പ്രധാനപ്പെട്ട മൂന്ന് ആശുപത്രികളായ ഈസ്റ്റ് ജിദ്ദ ജനറല്‍ ഹോസ്പിറ്റല്‍, കിംഗ് അബ്ദുള്‍ അസീസ് മെഡിക്കൽ സിറ്റി, കിംഗ് അബ്ദുള്‍ അസീസ് ഹോസ്പിറ്റല്‍ മഹജര്‍ എന്നിവിടങ്ങളില്‍ നടന്നു.

സുലൈമാനിയ ഈസ്റ്റ് ജിദ്ദ ജനറല്‍ ഹോസ്പ്പിറ്റലിൽ ക്യാമ്പിന് തുടക്കം കുറിച്ചു. ജിദ്ദ കെ എം സി സി സെൻട്രൽ കമ്മറ്റി പ്രസിഡന്റ് അഹ്മദ് പാളയാട്ട് ചടങ്ങ് ഉദ്ഘാടനം ചെയ്തു.
ഈസ്റ്റ്‌ ജിദ്ദ ജനറൽ ഹോസ്പിറ്റൽ ബ്ലഡ് ബാങ്ക് ഇൻ ചാർജ്ജ് അബ്ദുൽ അസീസ് അൽ അഹ്മരി, ഹോസ്പിറ്റൽ നേഴ്സ് ഫ്രൻസി എന്നിവർ സംസാരിച്ചു. കെഎംസിസി സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി അബൂബക്കർ അരിമ്പ്ര സ്വാഗതവും ട്രഷറർ അൻവർ ചേരൻകൈ നന്ദിയും പറഞ്ഞു.

നിസാം മമ്പാട്, ഇസ്മായീൽ മുണ്ടകുളം, ഇസ്ഹാഖ് പൂണ്ടോളി, എ. കെ ബാവ വേങ്ങര, ശിഹാബ് താമരക്കുളം, നാസർ മച്ചിങ്ങൽ, മുഹമ്മദ് കുട്ടി പാണ്ടിക്കാട് എന്നിവർ വിവിധ കേന്ദ്രങ്ങളില്‍ ക്യാമ്പിന് നേതൃത്വം കൊടുത്തു. സഊദി ദേശീയ ദിനത്തിൽ വരർഷങ്ങളായി കെഎംസിസി പ്രവർത്തകർ രക്‌ത ദാനം നടത്തി വരുന്നുണ്ട്.