റിയാദ്: മധ്യപൗരസ്ത്യ മേഖലയിൽ വൻനശീകരണായുധങ്ങൾ ഇല്ലാതാക്കേണ്ടതുണ്ടെന്ന് ഇറാൻ ആണവായുധങ്ങൾ നേടുന്നത് തടയണമെന്നും സൽമാൻ രാജാവ്. ന്യൂയോർക്കിൽ നടന്ന യു.എൻ പൊതുസഭയുടെ 76ാമത് സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു സൽമാൻ രാജാവ്. ആണവായുധം വികസിപ്പിക്കുന്നതിൽ നിന്ന് ഇറാനെ തടയാൻ ലക്ഷ്യമിട്ട് അന്താരാഷ്ട്ര സമൂഹം നടത്തുന്ന ശ്രമങ്ങളെ സഊദി അറേബ്യ പിന്തുണക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഇറാൻ സഊദിയുടെ അയൽ രാജ്യമാണ്. ആ രാജ്യവുമായുള്ള പ്രാരംഭ ചർച്ചകൾ ആത്മവിശ്വാസം വളർത്തുന്നതിനും അന്താരാഷ്ട്ര നിയമങ്ങളും തത്വങ്ങളും പ്രമേയങ്ങളും അനുസരിച്ചുള്ള സഹകരണ ബന്ധങ്ങൾ സ്ഥാപിക്കുന്നതിനും പരമാധികാരത്തെ ബഹുമാനിക്കുന്നതിനും ആഭ്യന്തരകാര്യങ്ങളിൽ ഇടപെടാതിരിക്കുന്നതിനും തീവ്രവാദ ഗ്രൂപ്പുകൾക്കുള്ള എല്ലാത്തരം പിന്തുണ നിർത്തലാക്കുന്നതിനും വഴിയൊരുക്കുമെന്ന് പ്രതീക്ഷിക്കുന്നു. തങ്ങളുടെ ആണവ പദ്ധതി സമാധാനപരമായ ആവശ്യങ്ങൾക്കുള്ളതാണെന്ന് എന്നും പരസ്യമായി പറയുന്ന ഇറാൻ ഇതിന് വിരുദ്ധമായി നടത്തുന്ന പ്രവർത്തനങ്ങളിൽ സഊദി അറേബ്യക്ക് അങ്ങേയറ്റത്തെ ആശങ്കയുണ്ട്.
എല്ലാ രാജ്യങ്ങളുടെയും പരമാധികാരത്തെ സൗദി അറേബ്യ മാനിക്കുന്നു. മറ്റു രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളിൽ സഊദി അറേബ്യ ഇടപെടുന്നില്ല. മധ്യപൗരസ്ത്യ മേഖല നശീകരണായുധങ്ങളിൽ നിന്ന് മുക്തമാവണം. ഈ വീക്ഷണകോണിൽ നിന്നാണ് ഇറാൻ ആണവായുധം വികസിപ്പിക്കുന്നത് തടയാൻ ലക്ഷ്യമിട്ടുള്ള അന്താരാഷ്ട്ര ശ്രമങ്ങളെ രാജ്യം പിന്തുണക്കുന്നതെന്നും സൽമാൻ രാജാവ് പറഞ്ഞു. സുരക്ഷയും സ്ഥിരതയും ഉറപ്പിക്കുന്നതും സംഭാഷണത്തിനും സമാധാനപരമായ പരിഹാരങ്ങൾക്കും പിന്തുണ നൽകുന്നതും നല്ല നാളേക്ക് ജനങ്ങളുടെ അഭിലാഷങ്ങൾ കൈവരിക്കുന്നതിനും വലിയ പ്രാധാന്യം നൽകുന്നതാണ് രാജ്യത്തിെൻറ വിദേശ നയം.
ലിബിയയിലെയും സിറിയയിലെയും പ്രതിസന്ധികൾക്ക് ഐക്യരാഷ്ട്ര സഭയുടെ കീഴിലുള്ള സമാധാനപരമായ പരിഹാരങ്ങളെയും അഫ്ഗാനിസ്താനിൽ സമാധാനവും സ്ഥിരതയും കൈവരിക്കുന്നതിനും അവിടുത്തെ ജനതയുടെ അവകാശങ്ങൾ ഉറപ്പ് വരുത്താനും ലക്ഷ്യമിട്ടുള്ള എല്ലാ ശ്രമങ്ങളും രാജ്യം പിന്തുണക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. അന്താരാഷ്ട്ര സമാധാനവും സുരക്ഷയും നിലനിർത്താനും സംഘർഷങ്ങൾ സമാധാനപരമായി പരിഹരിക്കാനും പരമാാധികാരവും സ്വാതന്ത്ര്യവും ബഹുമാനിക്കാനും രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടാതിരിക്കാനും യു.എൻ ചാർട്ടർ ലക്ഷ്യമിടുന്നു. അന്താരാഷ്ട്ര സമൂഹം നേരിടുന്ന വെല്ലുവിളികൾക്ക് ബഹുസ്വര സഹകരണം ശക്തിപ്പെടുത്തേണ്ടത് ആവശ്യമാണെന്നും സൽമാൻ രാജാവ് പറഞ്ഞു. പലസ്തീൻ ജനതയുടെ അവകാശം ഉറപ്പുനൽകുന്ന, അന്താരാഷ്ട്ര നിയമങ്ങളുടെയും പ്രമേയങ്ങളുടെയും അറബ് സമാധാന സംരംഭത്തിെൻറയും അടിസ്ഥാനത്തിൽ ഫലസ്തീൻ പ്രശ്നത്തിന് ന്യായവും ശാശ്വതവുമായ പരിഹാരം വേണമെന്നാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.




