റിയാദ്: 2021 ന്റെ രണ്ടാം പാദം അവസാനിക്കുന്ന ഒരു വർഷ കാലയളവിൽ സ്വകാര്യ, സർക്കാർ മേഖലകളിൽ നിന്ന് മൊത്തം 571,333 പ്രവാസികൾ രാജ്യത്തിന്റെ തൊഴിൽ വിപണി വിട്ടതായി കണക്കുകൾ. അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്സും ജനറൽ ഓർഗനൈസേഷൻ ഫോർ സോഷ്യൽ ഇൻഷുറൻസും (GOSI) പുറത്തു വിട്ട കണക്കുകളിലാണ് വിദേശികൾക്ക് ഭീമൻ തൊഴിൽ നഷ്ടം ഉണ്ടായതായി വ്യക്തമാകുന്നത്. 2020 ജൂൺ അവസാനം 6,706,459 ആയിരുന്നപ്പോൾ ഈ വർഷം ജൂൺ അവസാനത്തോടെ പ്രാദേശിക തൊഴിൽ വിപണിയിലെ പ്രവാസികളുടെ എണ്ണം 6,135,126 ആയി കുറഞ്ഞതായാണ് കണക്കുകൾ.
ഈ കാലയളവിൽ പൊതു, സ്വകാര്യ മേഖലകളിൽ ജോലി ചെയ്യുന്ന സഊദി, സഊദി ഇതര ഗോസി വരിക്കാരുടെ എണ്ണത്തിൽ 5.46 ശതമാനം കുറവുണ്ടായതായും കണക്കുകൾ പറയുന്നു. 474,382 പേരുടെ കുറവാണ് ഉണ്ടായിരിക്കുന്നത്. 2020 രണ്ടാം പാദത്തിന്റെ അവസാനത്തിൽ 8,674,105 ഗോസി വരിക്കാർ ഉണ്ടായിരുന്നെങ്കിൽ ഈ വർഷത്തെ രണ്ടാം പാദത്തിന്റെ അവസാനത്തിൽ മൊത്തം ഗോസി വരിക്കാരുടെ എണ്ണം 8,199,723 ആയാണ് കുറഞ്ഞത്.
ഇതേ സമയം തന്നെ ഈ വർഷം രണ്ടാം പാദത്തിൽ മൊത്തം 123,951 സഊദികൾ തൊഴിൽ വിപണിയിൽ പ്രവേശിച്ചിട്ടുണ്ട്. 6.4 ശതമാനം വാർഷിക വർദ്ധനവാണ് ഇതിലൂടെ ഉണ്ടായത്.
സർക്കാർ, സ്വകാര്യ മേഖലകളിൽ ജോലി ചെയ്യുന്ന സഊദികളുടെ എണ്ണം ഈ വർഷം ജൂൺ അവസാനത്തോടെ 2,064,597 ൽ എത്തി, കഴിഞ്ഞ വർഷത്തെ രണ്ടാം പാദത്തിന്റെ അവസാനത്തിൽ 1,940,646 ആയിരുന്നു. 2021-ൽ, വർഷത്തിന്റെ ആദ്യ പാദവുമായി താരതമ്യപ്പെടുത്തുമ്പോൾ രണ്ടാം പാദത്തിൽ ഗോസിയിൽ രജിസ്റ്റർ ചെയ്‌ത സഊദി ഇതര വരിക്കാരുടെ എണ്ണം 3.12 ശതമാനം അഥവാ 197,745 ആയി കുറഞ്ഞപ്പോൾ ഇതേ കാലയളവിൽ സഊദി വരിക്കാരുടെ എണ്ണവും 2.94 ശതമാനം അഥവാ 62,583 കുറഞ്ഞതായും കണക്കുകൾ വ്യക്തമാക്കുന്നു.




