തൃശൂർ: അതിരപ്പള്ളിയിൽ കാട്ടാനയുടെ ആക്രമണത്തിൽ ആദിവാസി വിഭാഗത്തിൽപ്പെട്ട രണ്ട് പേർ കൊല്ലപ്പെട്ടു. വാഴച്ചാൽ ശാസ്താം പൂവം ഉന്നതിയിലെ സതീഷ്, അംബിക എന്നിവരാണ് മരിച്ചത്.
വന വിഭവങ്ങൾ ശേഖരിക്കാൻ പോയവരാണ് കാട്ടാനയുടെ അക്രമണത്തിന് ഇരയായത്. കാടിനുള്ളിൽ കുടിൽ കെട്ടി താമസിച്ച് വന വിഭവങ്ങളായ തേൻ അടക്കമുള്ളവ ശേഖരിക്കുന്ന ജോലി ചെയ്യുകയായിരുന്നു ഇവർ. സംഘമായിട്ടാണ് പോയിരുന്നത്. ഇവർ താമസിക്കുന്ന കുടിലിനു നേരെ ഇന്നലെ രാത്രി കാട്ടാന കൂട്ടം ഓടി വരികയായിരുന്നു. കാട്ടാനകളെ കണ്ട് പല ദിശയിലേയ്ക്ക് ഇവർ ഓടി എന്ന് പറയുന്നു. കൂടെ ഉണ്ടായിരുന്ന രണ്ട് പേർ വനത്തിനുള്ളിലേയ്ക്ക് ഓടി രക്ഷപ്പെട്ടു.
തുടർന്ന് രാവിലെ അന്വേഷിച്ചെത്തിയപ്പോഴാണ് ഒരാളെ പാറ പുറത്തും മറ്റൊരാൾ പുഴയിലും മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹങ്ങൾ ആശുപത്രിയിൽ എത്തിക്കാനുള്ള ശ്രമങ്ങൾ തുടരുന്നു. ഫോറെസ്റ്റ് ഉദ്യോഗസ്ഥർ സ്ഥലത്തിയിട്ടുണ്ട്.





