ജിദ്ദ: സഊദി അറേബ്യയുടെ തൊണ്ണൂറ്റി ഒന്നാമത് ദേശീയ ദിനത്തോടനുബന്ധിച്ചു ‘അന്നം തരുന്ന നാടിനു ജീവ രക്തം’ എന്ന ശീർഷകത്തിൽ കെഎംസിസി പ്രവർത്തകർ രക്തദാനം നടത്തും.
ജിദ്ദ കെ എം സി സി സെൻട്രൽ കമ്മിറ്റിക്ക് കീഴിൽ കഴിഞ്ഞ പത്തു വർഷത്തിലധികമായി നടത്തി വരുന്ന രക്ത ദാന ക്യാമ്പ് സഊദി ദേശീയ ദിനമായ സെപ്റ്റംബർ 23-നു ജിദ്ദയിലെ നാലു പ്രധാന ആശുപത്രികളിലെ ബ്ലഡ് ബാങ്കുകളിലായി നടക്കുമെന്നു കെഎംസിസി സെൻട്രൽ കമ്മിറ്റി അറിയിച്ചു.
ജിദ്ദയിലെ കിംഗ് ഫഹദ് ഹോസ്പിറ്റൽ, കിംഗ് അബ്ദുൽ അസീസ് മെഡിക്കൽ സിറ്റി, ഈസ്റ്റ് ജിദ്ദ ജനറൽ ഹോസ്പിറ്റൽ, മഹ്ജർ കിംഗ് അബ്ദുൽ അസിസ് ജനറൽ ഹോസ്പിറ്റൽ എന്നീ കേന്ദ്രങ്ങളിലാണ് രാവിലെ 8 മണി മുതൽ മുൻകൂട്ടി രജിസ്റ്റർ ചെയ്ത കെഎംസിസി വളണ്ടിയർമാർ കെ എം സി സി സെൻട്രൽ കമ്മിറ്റി ഭാരവാഹികൾ, ജില്ലാ, മണ്ഡലം, ഏരിയ, പഞ്ചായത്ത് കമ്മിറ്റി നേതാക്കളുടെയും നേതൃത്വത്തിൽ തങ്ങളുടെ വിലപ്പെട്ട രക്തം ദാനം ചെയ്യാൻ വേണ്ടി അണിനിരക്കുമെന്നും സെൻട്രൽ കമ്മിറ്റി അറിയിച്ചു.
കെ എം സി സി നടത്തുന്ന ഇതര എണ്ണമറ്റ കാരുണ്യ-സേവനപ്രവര്ത്തനങ്ങളോടൊപ്പം, തൊഴിലും സംരക്ഷണവും തന്നു ദശലക്ഷകണക്കിന് പ്രവാസി കുടുംബങ്ങള്‍ക്ക് ജീവിതം നല്കിയ രാജ്യത്തോടും അതിന്റെ ഭരണാധികാരികളോടും പൗരന്മാരോടുമുള്ള മാതൃ രാജ്യത്തിന്റെയും ഇന്ത്യന്‍ പ്രവാസി സമൂഹത്തിന്റെയും കടപ്പാട് രേഖപെടുത്തുകയാണ് രക്ത ദാനത്തിലൂടെ കെ.എം.സി.സി. ലക്ഷ്യമിടുന്നത് എന്ന് സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി അബൂബക്കർ അരിമ്പ്ര പറഞ്ഞു.
സഊദി ദേശീയദിനാചരണത്തിന്റെ ഭാഗമായി കെ എം സി സി സഊദി നാഷണല്‍ കമ്മറ്റിയുടെ ആഹ്വാനമനുസരിച്ചു രാജ്യത്തിൻറെ വിവിധ പ്രവിശ്യകളിൽ അതാത് കെ എം സി സി സെൻട്രൽ കമ്മിറ്റികളുടെ നേതൃത്വത്തിൽ അന്നേ ദിവസം കെഎംസിസി പ്രവർത്തകർ രക്ത ദാനം നടത്തും.
ജിദ്ദ കെഎംസിസി സെൻട്രൽ കമ്മിറ്റി പ്രസിഡണ്ട് അഹമ്മദ് പാളയാട്ട്,ജനറൽ സെക്രട്ടറി അബൂബക്കര്‍ അരിമ്പ്ര , ട്രഷറര്‍ അന്‍വര്‍ ചേരങ്കൈ, ചെയര്മാന് നിസാം മമ്പാട് , ഭാരവാഹികളായ ഇസ്മായില്‍ മുണ്ടക്കുളം, ഇസ്ഹാഖ് പൂണ്ടോളി, ലത്തീഫ് മുസ്ലിയാരങ്ങാടി, ശിഹാബ് താമരക്കുളം, പി.സി.എ. റഹ്മാൻ ഇണ്ണി, നാസര്‍ മച്ചിങ്ങല്‍, എ. കെ ബാവ എന്നിവർ വിവിധ കേന്ദ്രങ്ങളിൽ രക്തദാന പരിപാടിക്ക് നേതൃത്വം നൽകും.



