റിയാദ്: പ്രവാസികൾ വിദേശത്ത് ആയിരിക്കുമ്പോൾ റീ-എൻട്രി വിസകൾ എക്സിറ്റിലേക്ക് മാറ്റാൻ സാധിക്കില്ലെന്ന് സഊദി പാസ്പോർട്ട് വിഭാഗം വ്യക്തമാക്കി. ഇതേസമയം തന്നെ, റീഎൻട്രി വിസകളിൽ രാജ്യം വിട്ട് വിസ കാലാവധി തീരുന്നതിന് മുമ്പ് തിരിച്ചെത്താൻ കഴിയാതിരുന്നവർ മൂന്ന് വർഷത്തേക്ക് രാജ്യത്തേക്ക് പ്രവേശന വിലക്കുണ്ടാകുമെന്നും പാസ്പോർട്ട് വിഭാഗം അറിയിച്ചു. ഉക്കാദ്/സഊദി ഗസറ്റ് പത്രങ്ങൾക്ക് നൽകിയ അഭിമുഖത്തിലാണ് ജവാസാത്ത് ഇക്കാര്യങ്ങൾ വീണ്ടും ഉണർത്തിയത്.
എന്നാൽ, റീ എൻട്രിയിൽ പോയി തിരിച്ചു വരാൻ സാധിക്കാത്ത ആശ്രിതരുടെ കാര്യത്തിലും പഴയ സ്പോൺസറിലേക്ക് തന്നെ പുതിയ വിസയിൽ വരുന്നവരുടെ കാര്യത്തിലും ഈ വിലക്ക് ബാധകമാകില്ല. അവർക്ക് മൂന്ന് വർഷത്തിനുള്ളിൽ തന്നെ തിരിച്ചു വരാനാകും.
എക്സിറ്റ്, റീ-എൻട്രി വിസയുടെ കാലാവധി സഊദിയിൽ നിന്ന് പുറത്തുകടക്കുന്ന തീയതി മുതലാണ് കണക്കാക്കുന്നത്. സഊദിയിലേക്ക് മടങ്ങാൻ കഴിയാത്ത വീട്ടുജോലിക്കാരുടെ റീഎൻട്രി വിസയുടെ കാലാവധി കഴിഞ്ഞു ആറ് മാസത്തിന് ശേഷം ജവാസാത്തിന്റെ അബ്ഷിർ സിസ്റ്റത്തിൽ നിന്ന് ഓട്ടോമാറ്റിക്ക് ആയി തന്നെ നീക്കം ചെയ്യുമെന്ന് ജവസാത്ത് പറഞ്ഞു.
ഗാർഹിക തൊഴിലാളിയുടെ വിസയുടെ കാലാവധി കഴിഞ്ഞ് 30 ദിവസത്തിന് ശേഷം കഴിഞ്ഞ് അബ്ഷിറിൻ്റെ തവാസുൽ സിസ്റ്റം വഴി തൊഴിലാളിയെ ജവാസാത്ത് സിസ്റ്റത്തിൽ നിന്ന് ഒഴിവാക്കാൻ സ്പോൺസർക്ക് അപേക്ഷിക്കാം.
ഗാർഹിക തൊഴിലാളിയെ ഹുറൂബാക്കിയത് 15 ദിവസത്തിനുള്ളിൽ പിൻ വലിക്കാനും അബ്ഷിറിലെ തവാസുൽ വഴി സ്പോൺസർക്ക് സാധിക്കും.




