തിരുവനന്തപുരം: പൃഥ്വിരാജ് ഇന്നലെ വൈകിട്ട് സമൂഹമാധ്യമ അക്കൗണ്ടിൽ പങ്കുവച്ച പോസ്റ്റർ ചർച്ചയായി. എമ്പുരാനിലെ തന്റെ കഥാപാത്രത്തിന്റെ ചിത്രമുള്ള പോസ്റ്ററിൽ സംവിധായകന്റെയും തിരക്കഥാകൃത്തിന്റെയും പേരു മാത്രമാണ് ഉണ്ടായിരുന്നത്. പിന്നാലെ മോഹൻലാൽ പങ്കുവച്ച നായക കഥാപാത്രത്തിന്റെ ചിത്രമുള്ള പോസ്റ്ററിലാകട്ടെ ആരുടെയും പേരുണ്ടായിരുന്നില്ല.
ഇതു പൃഥ്വിരാജും ഷെയർ ചെയ്തു. പിന്നാലെ നിർമാതാക്കളുടെയും മോഹൻലാലിന്റെയുമെല്ലാം പേരുകൾ ചേർത്ത പുതിയ പോസ്റ്റർ പൃഥ്വിരാജ് പോസ്റ്റ് ചെയ്തു.
സംവിധായകൻ പൃഥ്വിരാജും തിരക്കഥാകൃത്ത് മുരളി ഗോപിയും വിവാദത്തെക്കുറിച്ചു പരസ്യപ്രതികരണം നടത്തിയിട്ടില്ല. സിനിമയുടെ ഉള്ളടക്കവുമായി ബന്ധപ്പെട്ട് മോഹൻലാൽ പങ്കുവച്ച ഖേദപ്രകടനക്കുറിപ്പ് പൃഥ്വിരാജും നിർമാതാവ് ആന്റണി പെരുമ്പാവൂരും പങ്കുവച്ചിരുന്നു.
മുരളി ഗോപി ഇതിൽ പങ്കുചേർന്നിട്ടില്ല. വിവാദത്തെക്കുറിച്ച് മൗനം പാലിക്കുമെന്നും എല്ലാവർക്കും സിനിമയെ അവരുടേതായ രീതിയിൽ വ്യാഖാനിക്കാനുള്ള അവകാശമുണ്ടെന്നും അവർ പോരടിക്കട്ടേയെന്നുമായിരുന്നു 2 ദിവസം മുൻപ് അദ്ദേഹം വാർത്താ ഏജൻസിയോട് പ്രതികരിച്ചത്.
സിനിമയ്ക്കും പൃഥ്വിരാജിനും പിന്തുണയുമായി എഴുത്തുകാരി സാറാ ജോസഫ്, സംവിധായരായ ആഷിഖ് അബു, ജിയോ ബേബി തുടങ്ങിയവർ രംഗത്തെത്തി. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ ഭാര്യയ്ക്കൊപ്പം ഇന്നലെ വൈകിട്ട് സിനിമ കണ്ടു.





