ഇ.ഡി. മുൻ മേധാവി സഞ്ജയ് കുമാര്‍ മിശ്ര പ്രധാനമന്ത്രിയുടെ പുതിയ സാമ്പത്തിക ഉപദേഷ്ടാവ്‌

0
538

ന്യൂഡല്‍ഹി: എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്(ഇ.ഡി.) മുൻ മേധാവി സഞ്ജയ് കുമാര്‍ മിശ്രയെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാമ്പത്തിക ഉപദേഷ്ടാവായി നിയമിച്ചു. ബുധനാഴ്ചയാണ് ഇതുസംബന്ധിച്ച സർക്കാർ ഉത്തരവ് പുറത്തുവന്നത്. പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതിയില്‍ (ഇക്കണോമിക് അഡ്‌വൈസറി കൗണ്‍സില്‍ ടു ദി പ്രൈം മിനിസ്റ്റര്‍ – ഇ.എ.സി .പി.എം.) സെക്രട്ടറി തലത്തിലാണ്‌ നിയമനം.

പ്രധാനമന്ത്രിയെ സാമ്പത്തിക കാര്യങ്ങളില്‍ ഉപദേശിക്കുന്ന സമിതിയാണ് ഇ.എ.സി. പി.എം. കൗണ്‍സിലിന്റെ മുന്‍-ചെയര്‍മാന്‍ ബിബേക് ഡെബ്‌റോയിയുടെ മരണത്തിന് പിന്നാലെയാണ് സഞ്ജയ് കുമാര്‍ മിശ്ര തല്‍സ്ഥാനത്തേക്ക് നിയമിതനായിരിക്കുന്നത്. 2024 നവംബര്‍ ഒന്നിനാണ് ഡെബ്‌റോയ് മരിച്ചത്. ഉത്തര്‍പ്രദേശില്‍ നിന്നുള്ള 1984-ലെ ഇന്ത്യന്‍ റെവന്യു സര്‍വീസ് ബാച്ചിലെ (ഐ.ആര്‍.എസ്.) ഉദ്യോഗസ്ഥനാണ് സഞ്ജയ് കുമാര്‍ മിശ്ര.

2018-ല്‍ ഇ.ഡി. മേധാവിയായി നിയമിതനായ ശേഷം പലവട്ടം കേന്ദ്രസര്‍ക്കാര്‍ സഞ്ജയ് കുമാര്‍ മിശ്രയുടെ സര്‍വീസ് കാലാവധി നീട്ടിനല്‍കി. മൂന്നാം തവണയും കാലാവധി നീട്ടിക്കൊടുത്തത് നിയമവിരുദ്ധമാണെന്ന് സുപ്രീം കോടതി ഉത്തരവിട്ടിരുന്നു.

ഈ കാലയളവില്‍ ഒട്ടേറെ ഉന്നതരുടെ കേസുകളാണ് സഞ്ജയ് കുമാര്‍ മിശ്ര കൈകാര്യം ചെയ്തിരുന്നത്. മുന്‍ കേന്ദ്ര ധനകാര്യമന്ത്രി പി. ചിദംബരം, കര്‍ണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍, മുൻ കേന്ദ്രമന്ത്രി ശരദ് പവാര്‍, മുന്‍ ജമ്മു-കശ്മീര്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തി, നിലവിലെ ജമ്മു-കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള, ഝാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്‍, പശ്ചിമ ബംഗാള്‍ മുന്‍ വിദ്യാഭ്യാസമന്ത്രി പാര്‍ഥ ചാറ്റര്‍ജി എന്നിവരുടെയൊക്കെ കേസുകള്‍ നടന്നത് സഞ്ജയ് കുമാര്‍ മിശ്ര ഇ.ഡി. മേധാവിയായിരിക്കുമ്പോഴാണ്.