മക്ക: മക്ക, മദീന ഹറം പള്ളികളിലെ ജുമുഅ ഖുതുബയും പെരുന്നാൾ ഖുതുബയും 11 ഭാഷകളിലേക്ക് വിവർത്തനം ചെയ്യുന്നു. ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന ഇംഗ്ലിഷ്, ഫ്രഞ്ച്, ഉറുദു, മലായ്, പേർഷ്യൻ, ഹൗസ, ചൈനീസ്, റഷ്യൻ, ബംഗാളി, ടർക്കിഷ്, ഇന്തൊനീഷ്യൻ ഭാഷകളിൽ മനാറത്ത് അൽ ഹറമൈൻ പ്ലാറ്റ്ഫോം വഴി പരിഭാഷ കേൾക്കാം.
പ്രമുഖ പണ്ഡിതരുടെ പാഠഭാഗങ്ങളുടെ പരിഭാഷ, റമസാൻ, ഹജ് വേളയിലെ പ്രത്യേക ബോധവൽക്കരണ ക്ലാസുകൾ എന്നിവയും സേവനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ ഗ്രാൻഡ് മോസ്കിനകത്തെ കോൺഫറൻസുകളും സെമിനാറുകളും അതോറിറ്റി വിവർത്തനം ചെയ്യുകയും പള്ളിയിലും മുറ്റങ്ങളിലും സ്ഥാപിച്ച ഇലക്ട്രോണിക് സ്ക്രീനുകളിലൂടെ അവ ലഭ്യമാക്കുകയും വിശകലനം ചെയ്യുകയും ചെയ്യും.
ഹജ്ജിനോട് അനുബന്ധിച്ച് അറഫ പ്രഭാഷണം, ചന്ദ്ര-സൂര്യ ഗ്രഹണങ്ങൾ, മഴയ്ക്കായുള്ള പ്രാർഥനകളുടെയും പ്രഭാഷണങ്ങളുടെയും തത്സമയ വിവർത്തനങ്ങൾ തുടങ്ങിയവയും ലഭ്യമാകും.





