ഇന്ത്യയിലെ മുസ്ലീങ്ങളെല്ലാം മതവർഗീയവാദികളാണെന്ന വിദ്വേഷ പരാമർശത്തിന് പിന്നാലെ കൂടുതൽ വിവാദ പരാമർശങ്ങളുമായി മുൻ എംഎൽഎയും ബിജെപി നേതാവുമായ പി.സി. ജോര്‍ജ്. വിദ്വേഷ പരാമർശ കേസിൽ ജാമ്യത്തിൽ തുടരവേയാണ് വീണ്ടും സമാനമായ പരാമർശം നടത്തിയിരിക്കുന്നത്. വിദ്വേഷ പരാമർശങ്ങൾ ആവർത്തിക്കരുതെന്ന് ജാമ്യ വ്യവസ്ഥയിൽ പി.സി. ജോർജിനോട് കോടതി നേരത്തെ നിർദേശിച്ചിരുന്നതാണ്.
ക്രിസ്ത്യാനികള്‍ 24 വയസിനു മുന്‍പ് പെണ്‍കുട്ടികളെ വിവാഹം കഴിപ്പിച്ച് അയക്കാന്‍ തയാറാകണമെന്നും 400 ഓളം പെണ്‍കുട്ടികളെ മീനച്ചില്‍ താലൂക്കില്‍ മാത്രം “ലൗ ജിഹാദി”ലൂടെ നഷ്ടപ്പെട്ടുവെന്നും പി.സി. ജോര്‍ജ് ആരോപിച്ചു. ഇതിൽ 41 എണ്ണത്തിനെ മാത്രമാണ് തിരിച്ചുകിട്ടിയതെന്നും പി.സി. ജോർജ് പറഞ്ഞു.
പാലാ ളാലത്ത് കെ.സി.ബി.സി ലഹരി വിരുദ്ധ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പി.സി. ജോർജ്. ഈരാറ്റുപേട്ടയില്‍ പിടികൂടിയ സ്‌ഫോടക വസ്തുക്കള്‍ കേരളം മുഴുവന്‍ കത്തിക്കാനുള്ളതുണ്ടെന്നും പി.സി ജോർജ് പറഞ്ഞു. അത് എവിടെ കത്തിക്കാനുള്ളതാണെന്ന് അറിയാമെന്നും പക്ഷേ പറയുന്നില്ലെന്നും പി.സി. ജോർജ് കൂട്ടിച്ചേർത്തു.





