ഭോപ്പാൽ: മധ്യപ്രദേശില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗിക പീഡനത്തിനിരയാക്കിയതുമായി ബന്ധപ്പെട്ട കേസില്‍ ബിജെപി നേതാവ് അറസ്റ്റില്‍. ബിജെപി നേതാവായ സഞ്ജു യാദവ് ആണ് പിടിയിലായത്. 15കാരിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ച പ്രതികള്‍ക്ക് താമസ സൗകര്യമൊരുക്കിയെന്നതാണ് സഞ്ജയ്ക്ക് എതിരായ കേസ്.
സംഭവത്തിന് പിന്നാലെ പ്രതിയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതായി ബിജെപി ജില്ലാ യൂണിറ്റ് മേധാവി സരോജ് രാജ്പുത് പറഞ്ഞു. മുന്‍ കേന്ദ്രമന്ത്രിയുടെ പ്രതിനിധിയായിരുന്നു സഞ്ജു യാദവ്. പീഡനക്കേസ് മറച്ചുവെച്ചതും ഹോട്ടലില്‍ മുറി നല്‍കിയതുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു. രോഹിത് സാഹു, വിശാല്‍ സാഹു എന്നിവരാണ് കേസിലെ പ്രതികൾ. ഇവർക്കെതിരെ ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് പെൺകുട്ടിയുടെ കുടുംബം പൊലീസിൽ പരാതി നൽകിയത്.
ഒരു വര്‍ഷം മുന്‍പായിരുന്നു കേസിനാസ്പദമായ സംഭവം. സഞ്ജു യാദവിന്റെ ഹോട്ടലിലേക്ക് കുട്ടിയെ ബലമായി കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് കേസ്. പ്രതികൾ തന്റെ അശ്ലീല ചിത്രങ്ങള്‍ പകര്‍ത്തിയെന്നും പണത്തിനായി പലപ്പോഴും ബ്ലാക് മെയില്‍ ചെയ്തിരുന്നതായും പെൺകുട്ടി പരാതിയിൽ വ്യക്തമാക്കിയിരുന്നു. ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി നിരവധി തവണ ബലാത്സംഗത്തിനിരയാക്കിയതായും പെൺകുട്ടി ചൂണ്ടിക്കാട്ടി.
സംഭവത്തില്‍ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ സെക്ഷന്‍ 363, 366, 384 എന്നീ വകുപ്പുകളും പോക്‌സോ ആക്ടും ചുമത്തിയാണ് പ്രതികള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.





