വിദ്യാർത്ഥിനിക്ക് നേരെ നായ്ക്കുരണപ്പൊടി എറിഞ്ഞെന്ന പരാതി: സഹപാഠികൾക്കും അധ്യാപകർക്കും എതിരെ കേസ്

0
670

എറണാകുളം: കാക്കനാട് വിദ്യാർത്ഥിനിക്ക് നേരെ നായ്ക്കുരണപ്പൊടി എറിഞ്ഞെന്ന പരാതിയിൽ സഹപാഠികൾക്കെതിരെ കേസ് എടുത്ത് പൊലീസ്. 6 സഹപാഠികൾക്ക് എതിരെയും രണ്ട് അധ്യാപകർക്കെതിരെയുമാണ് ജുവനൈയിൽ ജസ്റ്റിസ് നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്തത്.

കാക്കനാട് തെങ്ങോട് സർക്കാർ ഹൈസ്കൂളിലെ പത്താംക്ലാസ് വിദ്യാർത്ഥിക്ക് നേരെ സഹപാഠികൾ നായ്ക്കുരണ പൊടി എറിഞ്ഞെന്ന പരാതിയുമായി കഴിഞ്ഞ ദിവസമാണ് മാതാപിതാക്കൾ രംഗത്ത് എത്തിയത്. കഴിഞ്ഞ മാസം നടന്ന സംഭവത്തെ തുടർന്ന് ആരോഗ്യ പ്രശ്നങ്ങളുണ്ടായ വിദ്യാർത്ഥിനിക്ക് പരീക്ഷ എഴുതാൻ സാധിക്കാതെ വന്നതോടെയാണ് മാതാപിതാക്കൾ സിറ്റി പോലീസ് കമ്മീഷണർക്ക് പരാതി നൽകിയത്. സംഭവം അധ്യാപകരുടെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും നടപടി ഉണ്ടായില്ല എന്നും മാതാപിതാക്കൾ പറയുന്നു.

പരാതിയിൽ 6 സഹപാഠികൾക്ക് എതിരെയും രണ്ട് അധ്യാപകർക്കെതിരെയും പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ജുവനൈയിൽ ജസ്റ്റിസ് നിയമപ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തത്. എന്നാൽ കുട്ടികൾ തമ്മിൽ കളിച്ചപ്പോൾ അബദ്ധത്തിൽ വീണതാണെന്നാണ് സ്കൂൾ അധികൃതരുടെ വിശദീകരണം.