സഊദി ആരോഗ്യ മന്ത്രാലയത്തിന് കീഴിലെ ‘സ്വിഹതീ’ ആപ്പിലേക്ക് ‘മൗഇദ്’ ആപ്പിനെ ലയിപ്പിക്കുന്നു

0
2336

റിയാദ്: സഊദി ആരോഗ്യ മന്ത്രാലയത്തിന്റെ കീഴിലെ ‘സ്വിഹതി’ ആപ്പിലേക്ക് ‘മൗഇദ്’ ആപ്പിനെ ലയിപ്പിക്കുന്നു. ഇതിനായി നിലവിൽ ‘മൗഇദ്’ ആപ്പിൽ ലഭ്യമായ മുഴുവൻ സേവനങ്ങളും ‘സിഹതീ’ ആപ്പിലേക്ക് മാറ്റാനുള്ള ഒരുക്കങ്ങളാണ് നടക്കുന്നത്. ഇതുവഴി ‘സിഹതീ’ ആപ് വഴി തന്നെ ‘മൗഇദ്’ ആപ് സേവനങ്ങളും പ്രയോജനപ്പെടുത്താനാവും.

നിലവിൽ കൊറോണ വാക്‌സിൻ, കൊവിഡ്19 പരിശോധന അപ്പോയിന്റ്‌മെന്റ്, പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ അപ്പോയിന്റ്‌മെന്റ്, തൽക്ഷണ കൺസൾട്ടേഷൻ സേവനം, മരുന്നുകളെ കുറിച്ച് സെർച്ച് ചെയ്യൽ, ഏറ്റവും അടുത്ത ഫാർമസികൾ അറിയൽ, രോഗാവധികൾ അറിയൽ, ഇ-മരുന്ന് കുറിപ്പടി പരിശോധിക്കൽ, വാക്‌സിനുകൾ, ആശ്രിതരെ ചേർക്കൽ, സ്‌കൂളുകളിൽ വെച്ച് നടത്തുന്ന പരിശോധനകളുടെ ഫലങ്ങൾ, രക്തസമ്മർദം, പ്രമേഹം, അരക്കെട്ടിന്റെ ചുറ്റളവ്, ശരീര പിണ്ഡം എന്നിവ അടക്കം ഉപയോക്താവിന്റെ പ്രധാന അടയാളങ്ങൾ തുടങ്ങിയ സേവനങ്ങളാണ് ‘സിഹതീ’ ആപ് നൽകുന്നത്.

പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലെ അപ്പോയിന്റ്‌മെന്റ്, അപ്പോയിന്റ്‌മെന്റുകളിൽ തിരുത്തൽ വരുത്തൽ, റദ്ദാക്കൽ, ലക്ഷണങ്ങൾ സ്വയം വിലയിരുത്തി കൊറോണ പരിശോധന നടത്തി ആരോഗ്യ സ്ഥിതിക്ക് ശരിയായ മാർഗനിർദേശം നൽകൽ എന്നിവ അടക്കമുള്ള സേവനങ്ങളാണ് ‘മൗഇദ്’ ആപ് വഴി നൽകിയിരുന്നത്. ഇതോടൊപ്പം, അടുത്തുള്ള ആശുപത്രികളിലെയും ഹെൽത്ത് സെന്ററുകളിലെയും ‘തത്വമൻ’ ക്ലിനിക്കുകളുടെ സേവനം പ്രയോജനപ്പെടുത്താൻ സഹായിക്കുന്ന ഐക്കണും ‘മൗഇദ്’ ആപ്പിലുണ്ട്. രണ്ട് ആപുകളും ഒരുമിക്കുന്നതോടെ ഈ സേവനങ്ങൾ എല്ലാം തന്നെ ഒറ്റ കുടക്കീഴിൽ ഉപയോഗിക്കാനാകും.