1.87 കോടി സന്ദർശകർ സഞ്ചാരികളിൽ പുതുറെക്കോഡിട്ട് ദുബായ്

0
630

ദുബായ്: ആഗോള സഞ്ചാരികളുടെ എണ്ണത്തിൽ പുതു റെക്കോഡിട്ട് ദുബായ്. കഴിഞ്ഞവർഷം 1.87 കോടി സന്ദർശകരെ സ്വാഗതംചെയ്തതായി ദുബായ് കിരീടാവകാശിയും ഉപ പ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയും ദുബായ് എക്സിക്യുട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ്‌ ബിൻ റാഷിദ് അൽ മക്തൂം അറിയിച്ചു.

ഇത് മുൻവർഷത്തേക്കാൾ ഒൻപത് ശതമാനം കൂടുതലാണ്. പ്രമുഖ ആഗോള വിനോദസഞ്ചാരകേന്ദ്രമെന്നനിലയിൽ എമിറേറ്റിന്റെ വർധിക്കുന്ന ആകർഷണത്തെയാണ് സന്ദർശകരുടെ എണ്ണം അടയാളപ്പെടുത്തുന്നത്. ദുബായിയുടെ ഹോസ്പിറ്റാലിറ്റി മേഖല അനുദിനംഅഭിവൃദ്ധി പ്രാപിക്കുകയാണ്. എമിറേറ്റിൽ 832 ഹോട്ടലുകളിലായി 1,54,000 മുറികളാണുള്ളത്.

ദുബായ് സാമ്പത്തിക, വിനോദസഞ്ചാര വകുപ്പും സ്വകാര്യ മേഖലകളും തമ്മിലുള്ള ശക്തമായ സഹകരണത്തിലൂടെയാണ് നേട്ടം കൈവരിച്ചത്. ഇതുവഴി ആഗോള വിനോദസഞ്ചാര ഹബ്ബ് എന്നനിലയിൽ എമിറേറ്റിന്റെ പദവി ഉയരുകയും ജീവിക്കാനും ജോലിചെയ്യാനുമുള്ള ലോകത്തിലെ ഏറ്റവും മികച്ച നഗരമെന്നനിലയിൽ ദുബായിയുടെ സ്ഥാനം ശക്തിപ്പെട്ടതായും ശൈഖ് ഹംദാൻ എക്സിൽ കുറിച്ചു.

പ്രാദേശിക, അന്താരാഷ്ട്ര പരിപാടികൾ, കാമ്പയിനുകൾ എന്നിവ വിനോദസഞ്ചാരമേഖലയുടെ വളർച്ചയ്ക്ക് ഗുണകരമായിട്ടുണ്ട്. എല്ലാസന്ദർശകർക്കും മികച്ച അനുഭവങ്ങൾ ഉറപ്പാക്കിക്കൊണ്ട് ദുബായിയുടെ ആകർഷണത്വം വർധിപ്പിക്കുന്നതിൽ വകുപ്പ് നിർണായക ഇടപെടലുകൾ നടത്തി. ദുബായ് സാമ്പത്തിക അജൻഡ ഡി 33 യുടെ ലക്ഷ്യങ്ങൾക്ക് അനുസൃതമായി അടുത്ത പത്ത് വർഷത്തിനകം ആഗോളതലത്തിലെ മികച്ച മൂന്ന് നഗരങ്ങളിലൊന്നായി മാറാനാണ് ദുബായ് ലക്ഷ്യമിടുന്നത്.

വിനോദസഞ്ചാരം, വ്യോമയാനം, ഹോസ്പിറ്റാലിറ്റി, സാങ്കേതികവിദ്യ, വ്യവസായം എന്നീ മേഖലകളെല്ലാം വൻ കുതിച്ചുചാട്ടത്തിനാണ് ഇപ്പോൾ സാക്ഷ്യം വഹിക്കുന്നത്. സന്ദർശകരെ കൂടുതലായി ആകർഷിക്കുന്നതിന് വിസാ നടപടിക്രമങ്ങൾ ലളിതമാക്കുകയും അടിസ്ഥാന സൗകര്യ വികസനത്തിനായി വൻ തോതിൽ നിക്ഷേപം നടത്തുന്നുമുണ്ട്.