റിയാദ്: സഊദിയിൽ ഫാമിലി സന്ദർശന വിസയിൽ ഉള്ളവരുടെ കാലാവധി കഴിഞ്ഞ സന്ദർശന വിസകൾ പുതുക്കി നൽകുന്നത് നിർത്തി വെച്ചു. നിലവിൽ വിസിറ്റ് വിസ പുതുക്കുമ്പോൾ രണ്ടാഴ്ചക്കകം നാടുവിടണമെന്ന സന്ദേശമാണ് ലഭിക്കുന്നത്. മലയാളി കുടുംബങ്ങൾ അടക്കം നിരവധി പേർക്ക് ഇതേ സന്ദേശം ലഭിച്ചിട്ടുണ്ട്. വിസ കാലാവധി അവസാനിക്കുന്നതിന് മുമ്പ് നാടുവിടേണ്ടതുണ്ടെന്നും ഇല്ലെങ്കിൽ മറ്റു നിയമനടപടികൾ നേരിടേണ്ടിവരുമെന്നും ജവാസാത്ത് ട്വീറ്റ് ന് മറുപടി നൽകുകയും ചെയ്തു.
കൊവിഡ് സമയത്ത് നൽകിയ പ്രത്യേക ഇളവായിരുന്നു സമയം കഴിഞ എല്ലാ സന്ദർശന വിസകളും കാലാവധി കഴിയുന്ന ഓരോ സമയത്തും പുതുക്കി നൽകിയിരുന്നത്. ഇത്തരത്തിൽ സന്ദർശക വിസ രണ്ട് വർഷത്തോളം വരെ പുതുക്കി കിട്ടിയതിനെ തുടർന്ന് സഊദിയിൽ കഴിയുന്ന മലയാളി കുടുംബങ്ങൾ തന്നെയുണ്ട്.
കൊവിഡിനെ തുടർന്ന് വിമാന സർവ്വീസുകൾ നിലക്കുകയും ഷെഡ്യൂളുകൾ റദ്ദ് ചെയ്യുകയും ചെയ്തതിനെ തുടർന്നായിരുന്നു ആശ്വാസമെന്നോണം കാലാവധി കഴിയുമ്പോൾ പുതുക്കി നൽകിയിരുന്നത്. ഓരോ കാലാവധി സമയം കഴിയുമ്പോഴും ഇൻഷൂറൻസ് അടച്ച് അടുത്ത മൂന്നു മാസത്തേക്ക് പുതുക്കാൻ സാധിച്ചിരുന്നു. എന്നാൽ, ഇപ്പോൾ ഇതിന് ശ്രമിച്ച പലർക്കും രണ്ടാഴ്ചത്തേക്ക് മാത്രമാണ് പുതുക്കിക്കിട്ടിയത്. സഊദിയിൽ നിന്ന് പോകാനുള്ള തയാറെടുപ്പ് നടത്താനാണ് രണ്ടാഴ്ച സമയം അനുവദിക്കുന്നത്. അറിയിപ്പോടൊപ്പം രണ്ടാഴ്ച കാലത്തേക്ക് മാത്രമാണ് പുതുക്കുന്നത്.






